'പ്രചരണങ്ങള് വ്യാജം'; മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം

മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം

dot image

അടിമാലി: പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന പ്രചരണങ്ങള് തെറ്റെന്ന് വ്യക്തമാക്കി വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം. മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകി. വ്യാജ പ്രചരണങ്ങള് നടത്തിയവര്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞു.

മറിയക്കുട്ടിക്ക് അടിമാലി ഇരുന്നൂറേക്കറിൽ സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളി ചാലിൽ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമായിരുന്നു ഉയര്ന്ന ആരോപണം. ഇത് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു. അടിമാലി ടൗണിൽ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്സർലണ്ടിലാണെന്നും നേരത്തെ പ്രചരിച്ചിരുന്നു.

തനിക്കുണ്ടെന്ന് പറയുന്ന ഭൂമി എവിടെയാണെന്ന് വ്യക്തമാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും താൻ വില്ലേജ് ഓഫീസില് പോയി അന്വേഷിച്ചിട്ടും ഒരു തുണ്ടുഭൂമി പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു. മറിയക്കുട്ടി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി വില്ലേജ് ഓഫീസർ ബിജു വ്യക്തമാക്കി.

dot image
To advertise here,contact us
dot image