
കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ ഉണ്ടായ പേര്യ ചപ്പാരത്തെ വീട്ടിൽ വിശദമായ അന്വേഷണത്തിനായി ഉന്നത പൊലീസ് സംഘമെത്തി. മാവോയിസ്റ്റുകളിൽ നിന്ന് പിടികൂടിയ തോക്കുകളിൽ ഒന്ന് സൈനിക വിഭാഗത്തിന്റെതാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. ചന്ദ്രുവിനെയും ഉണ്ണിമായയെയും ചോദ്യം ചെയ്യാനും വിശദ അന്വേഷണത്തിനുമായി എൻഐഎ സംഘം വയനാട്ടിലെത്തും.
ഏറ്റുമുട്ടലിൽ പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നീ മാവോയിസ്റ്റുകളെ കഴിഞ്ഞ ദിവസം ആന്റി നക്സൽ സ്ക്വാഡ് ഉദ്യോഗസ്ഥരും കർണാടക ക്യു ബ്രാഞ്ചും തെലങ്കാന പൊലീസും ചോദ്യം ചെയ്തു. ഉത്തരമേഖല ഐജി കെ സേതുരാമൻ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഡിഐജി പുട്ട വിമലാദിത്യ, ജില്ലാ പൊലീസ് മേധാവി പദം സിംഗ്, അന്വേഷണ ഉദ്യോഗസ്ഥൻ മാനന്തവാടി ഡിവൈഎസ്പി പി എൽ ഷൈജു എന്നിവരുൾപ്പെടെയുള്ള ഉന്നതസംഘം വെടിവെപ്പ് നടന്ന വീട് പരിശോധിച്ചു.
പിടിയിലായ ചന്ദ്രു സംസ്ഥാനത്തിന് പുറത്തുള്ള മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് വിദഗ്ധ പരിശീലന ലഭിച്ചയാളാണെന്ന് പൊലീസ് കണ്ടെത്തി. ചന്ദ്രുവും ഉണ്ണിമായയും എ കെ 47 ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പ്രയോഗിക്കാനും അറ്റകുറ്റപ്പണി നടത്താനും പരിശീലനം നേടിയവരാണ്. മാവോയിസ്റ്റ് ജനകീയ സേനയുടെ അടിത്തറ രാജ്യത്തുടനീളം വ്യാപിപ്പിച്ച് 2050 അകം ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ ഇവർ മൊഴി നൽകി.
പേരിയയില് മാവോയിസ്റ്റുകളും പൊലീസും തമ്മിൽ എറ്റുമുട്ടൽ; രണ്ടു പേർ കസ്റ്റഡിയിൽചൊവ്വാഴ്ച രാത്രി 10.45 ഓടെയാണ് തണ്ടർബോൾട്ട് മാവോയിസ്റ്റ് പ്രവർത്തകരായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ പിടികൂടുന്നത്. രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി പൊലീസും തണ്ടർബോൾട്ടും പരിശോധനകൾ നടത്തുകയാണ്. വയനാടുമായി അതിർത്തി പങ്കിടുന്ന കണ്ണൂരിലെയും കർണാടകയിലെയും വനമേഖലകളിലേക്ക് മാവോയിസ്റ്റുകൾ നീങ്ങിയിരിക്കാമെന്ന സംശയത്തിൽ വനമേഖലകേന്ദ്രീകരിച്ചാണ് ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തുന്നത്. ഇതിനുപുറമേ ഡ്രോൺ പരിശോധനകളും ലോക്കൽ പൊലീസിന്റെ പട്രോളിങ്ങും മേഖലയിൽ നടത്തുന്നുണ്ട്.