
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിൽ വ്യാപക ക്രമക്കേട്. വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പട്ടികവർഗക്കാർക്കുള്ള പദ്ധതികളിൽ ക്രമക്കേട് നടക്കുന്നുവെന്ന് വിജിലൻസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
'ഓപ്പറേഷൻ വനജ്' എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് പട്ടികവർഗ വികസന വകുപ്പിലെ വിവിധ പദ്ധതികളിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. പട്ടികവർഗ വിഭാഗത്തിലെ ഗർഭിണികൾക്ക് പണം നൽകുന്ന പദ്ധതിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. അനാഥക്കുട്ടികൾക്കുള്ള പണം പരിശോധന കൂടാതെ അനുവദിച്ചതായും വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണത്തില് ക്രമക്കേട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥിക്ക് സ്വർണ മെഡൽ നൽകിയെന്ന് വ്യാജമായി രേഖയുണ്ടാക്കിയതായും രണ്ടരക്കോടി ചിലവഴിച്ച കുടിവെള്ള പദ്ധതിയിൽ ആർക്കും കുടിവെള്ളം ലഭിച്ചില്ലെന്നും കണ്ടെത്തലുണ്ട്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി.