
കണ്ണൂർ: എം വി രാഘവന് ഓര്മ്മദിനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറില് നിന്ന് പിന്മാറിയ മുസ്ലിം ലീഗ് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്. ഒന്നിച്ച് നിൽക്കാൻ കഴിയുന്ന സന്ദർഭങ്ങളിൽ ഒന്നിച്ച് നിൽക്കണം. കുഞ്ഞാലിക്കുട്ടി പരിപാടിയിൽ പ്രസംഗിക്കുന്നുണ്ട്. ആ വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിക്കുമെന്ന് എം വി ജയരാജന് പറഞ്ഞു.
ആരാണ് വിലക്കിയതെന്ന് അറിയില്ല. വിലക്കുന്നവർക്കുള്ള വിലക്കാണ് കുഞ്ഞാലിക്കുട്ടിയുടെ വീഡിയോ പ്രസംഗമെന്ന് എം വി ജയരാജൻ പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ തകർക്കുന്ന അന്തകന്മാർക്കെതിരെ യോജിപ്പ് ഉണ്ടാവണം. പൊതു വിഷയങ്ങളിൽ മുസ്ലിം ലീഗ് എന്ത് നിലപാട് എടുക്കും എന്ന് അറിയാൻ താൽപര്യമുണ്ടെന്ന് എം വി ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം ലീഗ് ആരുടെയെങ്കിലും വിലക്കിന് വഴങ്ങുന്നവരല്ലെന്ന് പി എം എ സലാം പറഞ്ഞു. അങ്ങനെ ഉണ്ടെങ്കില് വീഡിയോ സന്ദേശം അയക്കില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. കോണ്ഗ്രസില് എല്ലാ കാലത്തും പ്രശ്നങ്ങളുണ്ട്. എന്നാല് നിലവില് പ്രശ്നങ്ങളില്ല. യുഡിഎഫ് ഒറ്റക്കെട്ടായി പാര്ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പി എം എ സലാം പറഞ്ഞു.
എം വി ആര് ട്രസ്റ്റിന്റെ സെമിനാറില് നിന്ന് കുഞ്ഞാലിക്കുട്ടി പിന്മാറി; പിന്മാറ്റം വിവാദമായതോടെസിപിഐഎം അനുകൂല നിലപാടുള്ള ട്രസ്റ്റിന്റെ പരിപാടിയില് ലീഗ് മുതിര്ന്ന നേതാവ് പങ്കെടുക്കുന്നത് വിവാദമായതിനെ തുടര്ന്നാണ് കുഞ്ഞാലിക്കുട്ടി പിന്മാറിയത്. 'ഇന്ന് കണ്ണൂരിൽ വെച്ച് നടക്കുന്ന എംവിആർ അനുസ്മരണ സെമിനാറിൽ പങ്കെടുക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ മകൻ എം വി നികേഷ് കുമാർ എന്നെ ക്ഷണിച്ചിരുന്നു. എനിക്ക് എം വി ആറുമായിട്ടുള്ള അടുപ്പം വെച്ച് ഞാനത് സമ്മതിക്കുകയും ചെയ്തിരുന്നു. ഈ പരിപാടിയിൽ കോൺഗ്രസ് നേതാവ് ശ്രീ കരകുളം കൃഷ്ണപിള്ള അടക്കമുള്ളവർ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇന്ന് മീഡിയകൾ ഞാൻ ഇടതുപക്ഷ വേദിയിൽ പങ്കെടുക്കുന്നു എന്ന രീതിയിൽ വാർത്ത വളച്ചൊടിച്ചു നൽകിയ സാഹചര്യത്തിൽ എം വി ആറിന്റെ പേരിലുള്ള ഒരു പരിപാടി ഒരു വിവാദത്തിനും ചർച്ചക്കും വിട്ട് കൊടുക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ എന്റെ അനുസ്മരണ പ്രഭാഷണം അയച്ചു കൊടുക്കുകയും എനിക്കേറെ പ്രിയപ്പെട്ട എം വി ആറിന്റെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയിൽ എനിക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം അതീവ ദു:ഖത്തോടെ അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.', കുഞ്ഞാലിക്കുട്ടി പറഞ്ഞു.