
കണ്ണൂര്: കേരള എന്സിപിയില് ആഭ്യന്തര കലഹം രൂക്ഷം. പാര്ട്ടിയില് ഭിന്നത ശക്തമാകുന്നു. എ കെ ശശീന്ദ്രനും പി സി ചാക്കോയ്ക്കും എതിരെ പരസ്യ വിമര്ശനം ഉയരുകയാണ്. തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്കണമെന്നാണ് മുന് ധാരണയെന്നും എന്നാല് പി സി ചാക്കോയും എ കെ ശശീന്ദ്രനും ധാരണ തെറ്റിക്കുകയാണെന്നും വിമത വിഭാഗം പറയുന്നു. ഇരുവർക്കുമെതിരെ പത്ത് ജില്ലകളില് ഇതിനോടകം വിമത കണ്വെന്ഷനുകള് പൂര്ത്തിയാക്കി. നവംബര് 24ന് തൃശ്ശൂരില് സംസ്ഥാന കണ്വെന്ഷന് നടക്കും. പ്രഫുല് പട്ടേലിന്റെ പിന്തുണയോടെയാണ് നിലവില് പ്രവര്ത്തനമെന്നും വിമത വിഭാഗം പറയുന്നു
ദേശീയ തലത്തിൽ ശരത് പവാറും അജിത് പവാറും തമ്മിലുള്ള കലഹമാണ് മറ്റൊരു രീതിയിൽ സംസ്ഥാന എന്സിപിയിലേക്കും വ്യാപിക്കുന്നത്. നവംബർ 9 ന് പാർട്ടിയുടെ കൊടിയും ചിഹ്നവും സംബന്ധിച്ച് സുപ്രീം കോടതിയിൽ നിന്നും വരാനിരിക്കുന്ന വിധി പ്രഫുൽ പട്ടേലിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് വിമത വിഭാഗം പറയുന്നു. ഇതോടെ കേരളത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വരും. ഇത് സംബന്ധിച്ച് കോടതി വിധിക്ക് ശേഷം എല്ഡിഎഫിനെ കാര്യങ്ങൾ ധരിപ്പിക്കുമെന്നും വിമത വിഭാഗം നേതാവും എന്സിപി ദേശീയ ജനറൽ സെക്രട്ടറിയുമായ എൻ എ മുഹമ്മദ് കുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു.