
ഇടുക്കി: മാസപ്പടി അഴിമതി മുഖ്യമന്ത്രിയിലേക്ക് എത്താതിരിക്കാന് ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് മാത്യു കുഴല്നാടന് എംഎല്എ. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ കുടുംബവും നടത്തുന്ന കൊള്ളയെ മറച്ചുവെക്കുന്നതിനും സംരക്ഷിക്കുന്നതിനും സംസ്ഥാനത്തെ വിവിധ വകുപ്പുകളും സര്ക്കാര് സംവിധാനങ്ങളും കൂട്ടുപിടിക്കുകയോ ദുരുപയോഗം ചെയ്യുകയോ ആണ് ചെയ്യുന്നത്. മാസപ്പടി വിവാദത്തിന്റെ തെളിവുകള് പൊതുജനത്തിന് മുന്നില്കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. അതുമായി മുന്നോട്ട് പോകുമ്പോള് എംഎല്എ എന്ന നിലയില് ആവശ്യപ്പെടുന്ന വിവരങ്ങള് തരാന് സര്ക്കാര് തയ്യാറാവുന്നില്ല. ഒഴിഞ്ഞുമാറുകയാണ്. എംഎല്എ എന്ന നിലയിലുള്ള തന്റെ അവകാശ ലംഘനമാണ് നടക്കുന്നതെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
പൗരനെന്ന നിലയില് എങ്കിലും വിവരങ്ങള് കൈമാറണം. മുഖ്യമന്ത്രിയിലേക്ക് മാസപ്പടി അഴിമതി ആരോപണം എത്താതിരിക്കാനാണ് വിവരങ്ങള് കൈമാറാത്തത്. നാല് കത്തുകളാണ് സര്ക്കാരിന് കൈമാറിയത്. സര്ക്കാര് അധികാരം ദുര്വിനിയോഗം ചെയ്യുകയാണെന്നും മാത്യു കുഴല്നാടന് പറഞ്ഞു. ധനവകുപ്പ് ക്യാപ്സ്യൂള് നിര്മ്മാണത്തില് ഏര്പ്പെട്ടിരിക്കുകയാണെന്നും മാത്യൂ കുഴല്നാടന് വിമർശിച്ചു.
മുഖ്യമന്ത്രിക്കെതിരായി വിജിലന്സിന് കൊടുത്ത പരാതിയിലും നടപടി ഉണ്ടായിട്ടില്ല. തെളിവുകള് നല്കാം എന്ന് താന് അറിയിച്ചിരുന്നുവെന്നും മാത്യു കുഴല്നാടന് പറഞ്ഞു. കേരള വര്മ്മ കോളേജ് തിരഞ്ഞെടുപ്പ് എല്ഡിഎഫ് അട്ടിമറിച്ചെന്ന് കെഎസ്യു ആരോപണത്തോടും മാത്യു കുഴല്നാടന് പ്രതികരിച്ചു. നിയമവശം പരിശോധിക്കാന് പാര്ട്ടി നിര്ദേശിച്ചിട്ടുണ്ട്.