
കണ്ണൂര്: കണ്ണൂര് മാടായിയില് ആര്എസ്എസ് പഥസഞ്ചലനത്തിന് അനുമതി നല്കിയ സംഭവത്തില് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന് മറുപടി പറയണമെന്ന് സിപിഐഎം. ആര്എസ്എസ് ആയുധ പ്രകടനത്തിനാണ് ലീഗ് ഭരിക്കുന്ന പഞ്ചായത്ത് അനുമതി നല്കിയത്. ന്യായമായ കാര്യമാണോയെന്ന് മുസ്ലീം ലീഗ് നേതൃത്വം തന്നെ മറുപടി പറയട്ടെയെന്ന് സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജന് പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂരിലെ മാടായില് ആര്എസ്എസ് പഥസഞ്ചലനത്തിന് പഞ്ചായത്ത് അനുമതി നല്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം. നടപടി മുസ്ലിങ്ങളെ കൊലയറയിലേക്ക് എത്തിക്കുന്നതിന് തുല്യമാണെന്നും എം വി ജയരാജന് പറഞ്ഞു.
'ബിജെപി-യുഡിഎഫ് അന്തര്ധാരണയാണ് മാടായി പഞ്ചായത്തില് ആര്എസ്എസ് പഥസഞ്ചലനത്തിന് വിട്ടുകൊടുക്കുന്നതിന് ഇടയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ആര്എസ്എസിന് അനുമതി കൊടുത്ത് വിദേശത്തേക്ക് പോവുകയായിരുന്നു. നിയമാനുസൃതമെന്നാണ് പ്രതികരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ന്യായം ശരിയാണെന്ന് മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം പറയട്ടെ.' എം വി ജയരാജന് പറഞ്ഞു.
പഞ്ചായത്തില് സിപിഐഎം-ആര്എസ്എസ് കൂട്ടുകെട്ടെന്ന് മാടായി പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണത്തോടും എം വി ജയരാജന് പ്രതികരിച്ചു. സിപിഐഎം-ആര്എസ്എസ് കൂട്ടുകെട്ട് ആരോപണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. സിപിഐഎം മുഖ്യശത്രു എന്ന് പ്രഖ്യാപിച്ചവരാണ് ആര്എസ്എസ് എന്നും എം വി ജയരാജന് കൂട്ടിച്ചേര്ത്തു.
അതേസമയം പഞ്ചായത്ത് സെക്രട്ടറിയാണ് പരിപാടിക്ക് അനുമതി നല്കിയതെന്നാണ് പ്രസിഡന്റ് പ്രതികരിച്ചത്. ബോര്ഡിനോ പ്രസിഡന്റിനോ ഇത് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും പ്രസിഡന്റ് സയിദ് പറഞ്ഞിരുന്നു.
'ആര്എസ്എസ് നിരോധിത സംഘടന അല്ല. നിരോധിക്കപ്പെടാത്ത സംഘടനകള് ആവശ്യപ്പെട്ടാല് അനുമതി നല്കും. ആര്എസ്എസ് അപേക്ഷ നല്കിയത് മുസ്ലിം ലീഗ് ഓഫീസിലേക്കല്ല, പഞ്ചായത്തിലേക്കാണ്. നിയമം എല്ലാവര്ക്കും ബാധകമാണ്. ജനാധിപത്യപരമായി മാത്രമേ കാര്യങ്ങള് കേള്ക്കാന് കഴിയൂ. സെക്രട്ടറിയുടെ വിവേചനാധികാരത്തില് ചെയ്ത കാര്യത്തില് തെറ്റ് കാണുന്നില്ല.' എന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം.
'ആര്എസ്എസ് അനുമതി തേടിയത് ലീഗ് ഓഫീസില് അല്ല'; മാടായി പഞ്ചായത്ത് പ്രസിഡന്റ്