'തൃശൂർ മെഡിക്കൽ കോളേജിൽ കെഡാവർ ബാഗ് വാങ്ങിയതിൽ അഴിമതി'; എട്ടു കോടിയുടെ കൊളള നടന്നെന്ന് അനിൽ അക്കര

'മൃതദേഹം വെച്ച് തട്ടിപ്പ് നടത്തുന്നവരായി സിപിഐഎമ്മിന്റെ എൻജിഒ യൂണിയൻ അംഗങ്ങൾ മാറി'
'തൃശൂർ മെഡിക്കൽ കോളേജിൽ 
കെഡാവർ ബാഗ് വാങ്ങിയതിൽ അഴിമതി'; എട്ടു കോടിയുടെ കൊളള നടന്നെന്ന് അനിൽ അക്കര

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ഫണ്ട് തിരിമറി നടന്നതായുളള ​ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. എൻആർഎച്ച്എം തുകയിൽ നിന്നും എട്ടുകോടിയുടെ കൊള്ള നടന്നു. മെഡിക്കൽ കോളേജ് സുപ്രണ്ടും, എംപ്ലോയീസ് സഹകരണ സംഘവും ചേർന്നായിരുന്നു ഈ കൊള്ള. ഉപ്പുതൊട്ട് കർപ്പൂരം വരെ കൊള്ള നടത്തിയെന്നും അനിൽ അക്കര ആരോപിച്ചു. സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിന് എട്ടു കോടി രൂപ നൽകി. 3700 മരണങ്ങളാണ് തൃശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് കാലത്തുണ്ടായത്. അന്ന് കെഡാവർ ബാഗുകൾ ഉപയോഗിച്ചാണ് ശാസ്ത്രീയമായി മൃതദേഹങ്ങൾ സംസ്കരിച്ചത്. ബാ​ഗ് വാങ്ങുന്നതിന് 409 രൂപ ഏറ്റവും കുറഞ്ഞ ഇ ടെൻഡർ ലഭിച്ചു. 700 ബാഗുകൾ മാത്രം ആവശ്യമുള്ളപ്പോൾ 3,1,22,272 മുടക്കി ബാഗുകൾ വാങ്ങിയോ എന്നും അനിൽ അക്കര ചോദിച്ചു.

കെഡാവർ ബാഗ് വാങ്ങിയതിൽ വരെ തൃശൂർ മെഡിക്കൽ കോളേജിൽ അഴിമതി നടന്നു. രണ്ടുകോടി ചെലവാക്കേണ്ട സ്ഥാനത്ത് ചെലവാക്കിയത് എട്ടു കോടിയാണ്. രോഗികൾക്ക് ഭക്ഷണം എത്തിച്ചതിൽ വരെ വൻ അഴിമതി നടന്നു. മൃതദേഹം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘടനയായി സിപിഐഎമ്മിന്റെ എൻജിഒ യൂണിയൻ അംഗങ്ങൾ മാറിയെന്നും അനിൽ അക്കര ആരോപിച്ചു.

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെയും അനിൽ അക്കര വിമർശിച്ചു. കേരളത്തിലെ ആരോഗ്യമന്ത്രിക്ക് ആരോഗ്യമേഖലയിൽ നടക്കുന്ന കൊളളയെകുറിച്ച് അറിയില്ല. മന്ത്രി കാര്യങ്ങൾ പഠിക്കണം. മന്ത്രി മാധ്യമങ്ങളെ വെല്ലുവിളിക്കുകയാണ്. ആരോഗ്യവകുപ്പിനെ വിമർശിക്കുമ്പോൾ മാധ്യമപ്രവർത്തകർക്ക് കുശുമ്പാണെന്ന് പറയുന്നു. പ്രതിപക്ഷ നേതാവിനെ ആരോഗ്യമന്ത്രി രാഷ്ട്രീയ പ്രവർത്തനം പഠിപ്പിക്കേണ്ടന്നും അനിൽ അക്കര പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com