അധ്യാപകർക്ക് റസിഡൻഷ്യൽ പരിശീലനം നൽകണമെന്ന് പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റി

പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ റസിഡൻഷ്യൽ പരിശീലനം നൽകുന്നത്.
അധ്യാപകർക്ക് റസിഡൻഷ്യൽ പരിശീലനം നൽകണമെന്ന് പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റി

തിരുവനന്തപുരം: ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ അധ്യാപകർക്ക് റസിഡൻഷ്യൽ പരിശീലനം നൽകണമെന്ന് പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റി. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ റസിഡൻഷ്യൽ പരിശീലനം നൽകുന്നത്. എന്നാൽ ഭാരിച്ച സാമ്പത്തിക ബാധ്യത അടക്കമുള്ള തടസങ്ങൾ ശുപാർശ നടപ്പാക്കാൻ വെല്ലുവിളിയാകും.

ചട്ടപ്പടി ക്ലസ്റ്റർ യോഗങ്ങൾ അധ്യാപകരുടെ അധ്യാപന മികവ് ഉയർത്തുന്നില്ലെന്ന വിലയിരുത്തലിലാണ് പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റി. ഇതിന് ബദലായാണ് റസിഡൻഷ്യൽ ക്യാമ്പുകൾ വ്യാപകമാക്കാനുള്ള ശുപാർശ. ഹയർ സെക്കൻഡറി അധ്യാപകർക്കും, അധ്യാപകരായി ജോലിയിൽ പ്രവേശിക്കും മുൻപ് ഒന്ന് മുതൽ 10 വരെ ക്ലാസുകളിലെ അധ്യാപകർക്കും ഇപ്പോൾ റസിഡൻഷ്യൽ പരിശീലന ക്ലാസുകൾ നൽകുന്നുണ്ട്. ഇത് സർവീസിൽ ഉള്ളവർക്കും കൃത്യമായ ഇടവേളകളിൽ നൽകണമെന്നാണ് പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റിയുടെ നിലപാട്.

ജില്ലയിലെ ഒന്നോ രണ്ടോ കേന്ദ്രങ്ങളിലായി താമസ സൗകര്യം അടക്കം ഒരുക്കി ഏഴ് ദിവസത്തെ പരിശീലനം നൽകണമെന്നാണ് നിർദേശം. സാങ്കേതിക വിദ്യ, മനഃശാസ്ത്രം, പഠന ബോധന സമീപനം തുടങ്ങിയ കാര്യങ്ങളിൽ അധ്യാപകർക്ക് പൊതുവായ മൊഡ്യൂൾ അടിസ്ഥാനമാക്കിയാകും പരിശീലനം നൽകുക. വിഷയങ്ങൾ ആസ്പദമാക്കിയുള്ള പരിശീലനം യുപി, എച്ച്എസ് അധ്യാപകർക്ക് മാത്രമായിരിക്കും. എൽപി അധ്യാപകർക്ക് അതുണ്ടാകില്ലെന്നും കമ്മിറ്റി അറിയിച്ചു.

ആശയം മികച്ചതെങ്കിലും നടപ്പാക്കാൻ വെല്ലുവിളികൾ ഏറെയാണ്. ഇത്രയും അധ്യാപകരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതാണ് പ്രധാന വെല്ലുവിളി. ഭീമമായ ചെലവും തടസം സൃഷ്ടിക്കും. ഈ മാസം അവസാനത്തോടെ അധ്യാപക മേഖലയുമായി ബന്ധപ്പെട്ട കരിക്കുലം കമ്മിറ്റി ശുപാർശകൾ പുറത്തിറക്കിയേക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com