
തിരുവനന്തപുരം: സിഎംആര്എല്ലില് നിന്ന് കൈപ്പറ്റിയ പണത്തിന് മുഖ്യമന്ത്രിയുടെ മകള് വീണാ വിജയന് നികുതി അടച്ച വിവരം അറിയിച്ച് സര്ക്കാര്. പരാതിക്കാരനായ മാത്യു കുഴല്നാടന് സര്ക്കാര് മറുപടി നല്കി. ധനകാര്യ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറിയാണ് മാത്യുവിന് കത്ത് നല്കിയത്. നിയമപ്രകാരം ഒടുക്കേണ്ട നികുതി ഒടുക്കിയതായി കാണുന്നുവെന്ന് കത്തില് പറയുന്നു. ഇന്നാണ് കത്തയച്ചത്.
കൈപ്പറ്റിയ പണത്തിന് വീണ ഐജിഎസ്ടി അടച്ചുവെന്ന് ധനവകുപ്പ് സ്ഥിരീകരിച്ചിരുന്നു. സിഎംആര്എല്ലില് നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണര് ധനമന്ത്രിക്ക് റിപ്പോര്ട്ട് നല്കിയിരുന്നു. റിപ്പോര്ട്ട് ലഭിച്ച വിവരം ധനവകുപ്പ് സ്ഥിരീകരിച്ചു.
മാത്യു കുഴല്നാടന് എംഎല്എയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. എന്നാല് നികുതി അടച്ചതിന്റെ വിശദാംശങ്ങള് പുറത്ത് വിടില്ല. നികുതിദായകന്റെ വിവരങ്ങള് പുറത്ത് വിടാന് നിയമ തടസം ഉണ്ടന്ന് ധനവകുപ്പും വ്യക്തമാക്കി. വിശദാംശങ്ങള് ലഭിക്കാത്തതിനാല് നികുതി അടച്ചതെന്നാണെന്ന് വ്യക്തമല്ല.
വീണാ വിജയന്റെ കമ്പനിയായ എക്സാ ലോജിക്, സിഎംആര്എല്ലില് നിന്ന് പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വീണ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം ഉയര്ന്നിരുന്നു. മുഖ്യമന്ത്രിക്ക് അവിശുദ്ധ ബന്ധമുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്. എപ്പോഴാണ് ഐജിഎസ്ടി അടച്ചതെന്ന് ഇനി വ്യക്തമാകണം. വിവാദം ഉയര്ന്നതിന് ശേഷമാണോ ഐജിഎസ്ടി അടച്ചതെന്നതാണ് അറിയേണ്ടത്.