
കൊച്ചി: കേരളാ ബാങ്ക് പ്രതിനിധികളുമായി ഇന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ കൊച്ചിയിൽ ചർച്ച നടത്തും. ഉച്ച കഴിഞ്ഞ് 2.15 ന് എറണാകുളം ഗസ്റ്റ് ഹൗസിൽ ആണ് ചർച്ച നടക്കുക. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാൻ സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് സഹകരണമന്ത്രി അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെ തുടർന്നുണ്ടായ വൻ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരള ബാങ്ക് സഹായം ലഭ്യമാക്കാനുള്ള നീക്കത്തിനിടെയാണ് ഇന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ കേരളാ ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. ഏത് ബാങ്കിന് പണം കൈമാറണമെങ്കിലും നബാർഡിന്റെയും റിസർവ് ബാങ്കിന്റെയും മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും എന്ന കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കലിന്റെ പ്രസ്താവനയോടെ പണം കൈമാറ്റം എന്നത് എളുപ്പമല്ല എന്ന് വ്യക്തമായിരുന്നു.
കരുവന്നൂർ കേസിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ ഒരു പ്രധാനി കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനാണ് എന്നതും ഇതിന്റെ രാഷ്ട്രീയമാനം സങ്കീർണമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഏറെ നിർണായകമായ ചർച്ച ഇന്ന് നടക്കുന്നത്.
കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, കേരളാ ബാങ്ക് സഹ ഭാരവാഹികൾ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഡയറക്ടർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ വകുപ്പ് രജിസ്ട്രാർ സുഭാഷ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. കരുവന്നൂർ ബാങ്കിലെ ചുമതല ഇപ്പോൾ വഹിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളും പങ്കെടുത്തേക്കും.