അരവിന്ദാക്ഷന്റേത് ആദ്യ രാഷ്ട്രീയ അറസ്റ്റെന്ന് വിഎൻ വാസവൻ; ബാങ്ക് സെക്രട്ടറി,തട്ടിപ്പിന്റെ സൂത്രധാരൻ

'ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തി, 110 കോടിയുടെ നിക്ഷേപം പുനഃക്രമീകരിച്ചു'

dot image

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി അന്വേഷണത്തിലും അരവിന്ദാക്ഷന്റെ അറസ്റ്റിലും ആശങ്കയില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. അരവിന്ദാക്ഷന്റെ അറസ്റ്റ് കരുവന്നൂർ കേസിലെ ആദ്യ രാഷ്ട്രീയ അറസ്റ്റാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കളളപ്പണം പിടിക്കുന്നതിലും നടപടി സ്വീകരിക്കുന്നതിലും സര്ക്കാരിനോ പാര്ട്ടിക്കോ എതിര്പ്പില്ല. ബാങ്കിലെ നിക്ഷേപകര്ക്ക് നിക്ഷേപം തിരിച്ചുകൊടുക്കുന്നതിനുളള സഹായങ്ങള് സഹകരണ വകുപ്പ് ചെയ്തു നല്കിയിരുന്നു. 110 കോടിയുടെ നിക്ഷേപം പുനഃക്രമീകരിച്ചു. കരുവന്നൂർ ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തിയെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. റിപ്പോർട്ടർ ടിവി പ്രത്യേക പരിപാടിയായ ക്ലോസ് എൻകൗണ്ടറിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കരുവന്നൂരില് ഏഴ് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്തു. ബോര്ഡ് അംഗങ്ങള്ക്കെതിരേയും നടപടി എടുത്തിരുന്നു. വായ്പ തിരിച്ചടവിന്റെ ഭാഗമായി റിക്കവറി സെല് ശക്തമായി പ്രവര്ത്തിച്ചതിന്റെ ഭാഗമായി 40 കോടിയോളം രൂപ തിരിച്ചുകിട്ടി. സ്വര്ണപ്പണയ വായ്പ കൊടുത്തുതുടങ്ങി. സാധാരണ ഗതിയിലേക്ക് വന്ന് തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

കരുവന്നൂരില് സഹകരണ വകുപ്പ് റിസ്ക് ഫണ്ടില് ആദ്യം അഞ്ച് കോടി രൂപയും പിന്നീട് 20 കോടി രൂപ കണ്സോര്ഷ്യവും രൂപീകരിച്ച് നിക്ഷേപത്തിന് കൊടുത്തു. നിക്ഷേപം നഷ്ട്ടപ്പെടാതിരിക്കാന് ചെയ്യുമെന്ന് പറഞ്ഞ സഹായങ്ങള് ചെയ്തു തുടങ്ങിയെന്നും വി എൻ വാസവൻ വ്യക്തമാക്കി.

ഈ ഘട്ടത്തിലാണ് ഇ ഡി കളളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഫയലൊക്കെ എടുത്തുകൊണ്ടുപോകുന്നത്. എ സി മൊയ്തീന് വായ്പ എടുത്തതായിട്ടോ എം കെ കണ്ണന് വായ്പ എടുത്തതായിട്ടോ ഇ ഡി എവിടേയും പറയുന്നില്ല. കളളപ്പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില് അത് പിടിക്കേണ്ടെ എന്നും വി എൻ വാസവൻ ചോദിച്ചു. ഇ ഡി മർദ്ദനോപകരണങ്ങളും മൂന്നാംമുറയും പ്രയോഗിക്കുന്നു. എ സി മൊയ്തീന് വായ്പക്ക് ശുപാര്ശ നല്കിയതിന് രേഖയില്ലെന്നും മന്ത്രി പറഞ്ഞു.

പാര്ട്ടിക്ക് ഏതെങ്കിലും സഹകരണ സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അതിന്റെ നയതന്ത്ര തലത്തില് ഇടപെടുന്ന സ്വഭാവമില്ലെന്നും മന്ത്രി വ്യക്തമാക്കി. ബാങ്ക് തട്ടിപ്പ് കേസിൽ പ്രധാനമായിട്ടും ബാങ്കിന്റെ സെക്രട്ടറിയാണ് സൂത്രധാരന്. മറ്റ് ജീവനക്കരേയും ഇതിലേക്ക് കൂട്ടി, ഭരണസമിതി അറിഞ്ഞോ അറിയാതെയോ അതില് ഒപ്പിട്ടു. ഒരു വര്ഷത്തെ ഓഡിറ്റിൽ ക്രമക്കേട് കണ്ടെത്തി അത് കൃത്യമായി റിപ്പോര്ട്ട് ചെയ്തിരുന്നെങ്കിൽ അവിടെ അവസാനിക്കുമായിരുന്നു. വീഴ്ച വരുത്തിയ 16 ഡിപ്പാര്ട്ട്മെന്റ് ഉദ്യോഗസ്ഥരെയാണ് സസ്പെന്ഡ് ചെയ്തത്. കരുവന്നൂര് ബാങ്കിന്റെ മറവില് നിന്നുകൊണ്ട് ഇ ഡി രാഷ്ട്രീയ നാടകം നടത്തുകയാണ്. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സഹകരണ മേഖലകളില് നടന്ന ക്രമക്കേടുകളില് അന്വേഷണം നടത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image