
തിരുവനന്തപുരം: തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എ കെ ശശീന്ദ്രൻ. സ്വയം കുഴി കുഴിക്കുകയാണ് തോമസ് കെ തോമസെന്നും സംഘടനാ മര്യാദകൾ പാലിക്കുന്നില്ലെന്നും എ കെ ശശീന്ദ്രൻ റിപ്പോർട്ടറിനോട് പറഞ്ഞു.
സമാന്തര പ്രവർത്തനം നടത്തി മാധ്യമങ്ങളിലൂടെ പാർട്ടിയെ അപഹസിക്കുകയാണ്. സ്വയം കുഴികുഴിക്കുകയാണ്. മന്ത്രി പദവി പങ്കുവയ്ക്കാമെന്ന ഉറപ്പ് ദേശീയ നേതൃത്വം നൽകിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ദേശീയ അധ്യക്ഷനെ സമീപിക്കുന്നില്ലെന്ന് ശശീന്ദ്രൻ ചോദിച്ചു. ശരത് പവാറിനെ കാണാൻ തോമസ് കെ തോമസിന് വിമാന ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണോയെന്നും ശശീന്ദ്രൻ പരിഹസിച്ചു.
മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലിയാണ് എൻസിപിയിൽ തർക്കം രൂക്ഷമായത്. രണ്ടര വർഷം കരാർ ഉറപ്പിച്ചിരുന്നെങ്കിലും എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധനല്ല. തോമസ് കെ തോമസ്സും എ കെ ശശീന്ദ്രനും തമ്മിൽ ഇതോടെ തർക്കം മുറുകുകയാണ്. മന്ത്രിയാകാൻ ആർക്കും ആഗ്രഹിക്കാം. പക്ഷേ അത് പറയേണ്ടത് എവിടെ എന്ന് ആലോചിക്കണം. മാധ്യമങ്ങളെക്കാൾ നല്ലത് പാർട്ടി വേദിയാണ്. അവിടെയാണ് ആവശ്യം പറയേണ്ടത് എന്നാണ് എ കെ ശശീന്ദ്രൻ തോമസ് കെ തോമസിനെ പരിഹസിച്ചത്. രണ്ടര വർഷം വീതം മന്ത്രി പദം പങ്കിടൽ മുൻധാരണയാണെന്ന് തോമസ് കെ തോമസ്സ് വാദിക്കുന്നു. മന്ത്രിസ്ഥാനത്തോട് മോഹമില്ലെന്നും പാർട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം നടപ്പിലാക്കണമെന്നും അദ്ദേഹം പിന്നാലെ പറഞ്ഞു. ഏത് പാർട്ടി വേദിയിലാണ് ഇത് പറയേണ്ടതെന്ന് ശശീന്ദ്രൻ വ്യക്തമാക്കണം. പാർട്ടി നേതൃത്വം ശശീന്ദ്രനും പിസി ചാക്കോയും കയ്യടക്കി വെച്ചിരിക്കുന്നു എന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു.
മന്ത്രിസ്ഥാനം സംബന്ധിച്ച് ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നാണ് കഴിഞ്ഞദിവസം എ കെ ശശീന്ദ്രൻ വ്യക്തമാക്കിയത്. തോമസ് കെ തോമസിൻ്റെ അവകാശവാദത്തെക്കുറിച്ച് അറിയില്ല. മന്ത്രിസ്ഥാനം ആരിൽ നിന്നും പിടിച്ചു പറിച്ചിട്ടില്ല. പാർട്ടി എന്താണോ പറയുന്നത് അതാണ് തൻ്റെ തീരുമാനമെന്നും ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.