'ലക്ഷ്യം സഹകരണ മേഖല '; സുതാര്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ ലക്ഷ്യമിടരുതെന്ന് മുഖ്യമന്ത്രി

നോട്ട് നിരോധന ഘട്ടത്തില്‍ കേരളത്തിലെ സഹകരണ മേഖലയെ മൊത്തത്തില്‍ തകര്‍ക്കാനുള്ള നീക്കമായിരുന്നു നടന്നത്
'ലക്ഷ്യം സഹകരണ മേഖല '; സുതാര്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ ലക്ഷ്യമിടരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം സഹകരണമേഖലയെ തകര്‍ക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമക്കേട് നടന്ന ഒരു ബാങ്കിനെതിരെ നടപടിയെടുക്കുന്നതിന് തെറ്റില്ല. സുതാര്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ ലക്ഷ്യം വെക്കരുത്. സഹകാരികള്‍ ഒന്നിച്ച് ഇതിനെ ചോദ്യം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

നോട്ട് നിരോധന ഘട്ടത്തില്‍ കേരളത്തിലെ സഹകരണ മേഖലയെ മൊത്തത്തില്‍ തകര്‍ക്കാനുള്ള നീക്കമായിരുന്നു നടന്നത്. അത് പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിലെ സഹകരണ മേഖലയെ ഉന്നമിട്ട ചില ശക്തികള്‍ നേരത്തെ തന്നെ ഉണ്ട് എന്നാണ് അത് കാണിക്കുന്നത്. അതിനെ അന്ന് എതിര്‍ക്കാന്‍ സജ്ജമായെങ്കിലും ഇപ്പോള്‍ സഹകരണ മേഖലയെ ആക്ഷേപിക്കത്തക്ക രീതിയിലുള്ള ഇടപെടലാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായുള്ള തയ്യാറെടുപ്പാണ് ഏജന്‍സികള്‍ നടത്തുന്നത്. ഒരു ബാങ്കിന്റെ കാര്യത്തില്‍ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുന്നതിന് നമ്മള്‍ എതിരല്ല.

തൃശൂരിലെ ബാങ്കുമായി ബന്ധപ്പെട്ട് ഫലപ്രദമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ അതിന്റെ മറവില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇപ്പോള്‍ സിപിഐഎമ്മിനെയാണ് ലക്ഷ്യമിടുന്നതെങ്കിലും കേരളത്തിലെ സഹകരണ മേഖലയാണ് ലക്ഷ്യം. കേരളത്തിലെ സഹകരണ മേഖലയെ ഈരീതിയില്‍ തുടരാന്‍ അനുവദിച്ചുകൂടായെന്ന ചിന്ത ചില കേന്ദ്രങ്ങളിലുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഈ കാര്യങ്ങള്‍ നീങ്ങുന്നത്. സഹകരണ മേഖലയ്ക്ക് ആപത്ത് വരാന്‍ സാധ്യതയുണ്ട്. സഹകാരികള്‍ അത് ചോദ്യം ചെയ്യാന്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com