പുതിയ കോഴ്സുകൾ തുടങ്ങാൻ പണമില്ല; സാമ്പത്തിക പ്രതിസന്ധി, ഭൂമി പണയപ്പെടുത്താൻ കാർഷിക സർവ്വകലാശാല

100 കോടിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ കോഴ്സുകൾ തുടങ്ങാനും കുടിശ്ശിക വിതരണം ചെയ്യാനുമായാണ് സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്ഥലം പണയം വക്കുന്നത്
പുതിയ കോഴ്സുകൾ തുടങ്ങാൻ പണമില്ല; സാമ്പത്തിക പ്രതിസന്ധി, ഭൂമി പണയപ്പെടുത്താൻ കാർഷിക സർവ്വകലാശാല

തൃശൂർ: ഭൂമി പണയപ്പെടുത്തി 40 കോടി സമാഹരിക്കാനൊരുങ്ങി കാർഷിക സർവ്വകലാശാല. 100 കോടിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ കോഴ്സുകൾ തുടങ്ങാനും കുടിശ്ശിക വിതരണം ചെയ്യാനുമായാണ് സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്ഥലം പണയം വക്കുന്നത്. ഇത് സംബന്ധിച്ച് കാർഷിക സർവകലാശാല ഭരണസമിതി തീരുമാനപ്രകാരം ഉത്തരവ് പുറത്തിറക്കി.

ഭൂമി വിറ്റ് ഫണ്ട് കണ്ടെത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും വിവാദമാകുമെന്ന് കണക്കിലെടുത്ത് വായ്പ എടുക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. റവന്യൂ മന്ത്രി അംഗമായ കാർഷിക സർവകലാശാല ഭരണസമിതിയാണ് ഭൂമി പണയപ്പെടുത്തി പുതിയ കോഴ്സുകൾ ആരംഭിക്കാനുള്ള ശുപാർശ അംഗീകരിച്ചിട്ടുള്ളത്. സർവകലാശാലയ്ക്ക് സർക്കാർ നൽകുന്ന വിഹിതം മൂന്ന് വർഷമായി ഉയർത്തുന്നില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണം.

പണം സ്വരൂപിക്കുന്നതിനായി പുതിയ കോഴ്‌സുകളിൽ ചേരുന്ന എൻആർഐ-ഇന്റർനാഷണൽ വിദ്യാർത്ഥികളിൽ നിന്ന് വലിയ തോതിൽ കോഷൻ ഡെപ്പോസിറ്റ് വാങ്ങാനും ഭരണസമിതി അനുമതി നൽകിയിട്ടുണ്ട്. ഇതിനായി സർവകലാശാല ചട്ടങ്ങൾ ഭേദഗതി ചെയ്യാനായി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ജനറൽ കൗൺസിലിൽ ചർച്ച ചെയ്യാതെ ആണ് ഈ തീരുമാനം നടപ്പാക്കുന്നത്.

എന്നാൽ വായ്പ തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി സർവകാലശലക്ക് നിലവിൽ ഇല്ല. അതിനാൽ ക്രമേണ ഭൂമി വിൽക്കേണ്ടി വരാനുള്ള സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. സിപിഐഎം-സിപിഐ തർക്കം രൂക്ഷമായ കാർഷിക സർവകലാശാലയിൽ നാലു കൊല്ലത്തിൽ അധികമായി ഭരണസമിതി പുനസംഘടിപ്പിക്കപ്പെട്ടിട്ടില്ലെന്നും റവന്യൂ മന്ത്രിയെ നോക്കുകുത്തിയാക്കി വൈസ് ചാൻസലർ എടുക്കുന്ന തീരുമാനങ്ങളാണ് സർവ്വകലാശാല ഭരണസമിതി കൈക്കൊള്ളുന്നതെന്നും ആരോപണമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com