'ക്രിമിനൽ ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി'; സോളാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് വിഡി സതീശൻ

സിബിഐ റിപ്പോർട്ടിൽ യുഡിഎഫ് നേതാക്കളെക്കുറിച്ച് ഒരു പരാമർശവുമില്ലെന്ന് അദ്ദേഹം പറഞ്ഞു
'ക്രിമിനൽ ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി'; സോളാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സോളാർ കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ അന്വേഷണം വേണ്ടെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള അന്വേഷണം വേണ്ടെന്നാണ് പറഞ്ഞത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി ഒന്നാം പ്രതി ആകേണ്ട കേസ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷിക്കുന്നത് എങ്ങനെയാണ്. അന്വേഷണം വേണ്ട എന്ന് പറഞ്ഞതിനെ തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ല. ക്രിമിനൽ ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ടെന്നാണ് തീരുമാനിച്ചത് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിബിഐ അന്വേഷണം നടന്നില്ലെങ്കിൽ നിയമനടപടികളുമായി പോകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

കൊട്ടാരക്കര കോടതിയിൽ ഒരു കേസ് നടപ്പുണ്ട്. ഈ പുതിയ തെളിവുകൾ അവിടെ സഹായകരമാകും. ഒരു അന്വേഷണ ഏജൻസിയുടെ കണ്ടെത്തലുകളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ആ കേസ് തന്നെ ശക്തിപ്പെടുത്താനോ അതോ മറ്റേതെങ്കിലും കേസ് നൽകണമോ എന്ന് കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ റിപ്പോർട്ടിൽ യുഡിഎഫ് നേതാക്കളെക്കുറിച്ച് ഒരു പരാമർശവുമില്ല. മുഖ്യമന്ത്രി സിബിഐ റിപ്പോർട്ട് കണ്ടില്ലെന്ന് പറയുന്നത് പച്ചക്കള്ളമെന്നും അദ്ദേഹം ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com