
കൊല്ലം: നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ് ഡിപ്പോയുടെ അപകടാവസ്ഥയിൽ സർക്കാരിനെ വിമർശിച്ച് എം മുകേഷ് എംഎൽഎ. ഡിപ്പോയ്ക്ക് വേണ്ടത് വാണിജ്യസൗധമല്ല. സുരക്ഷിതമായി കയറി നിൽക്കാൻ മിനിമം സൗകര്യം വേണം. ഇതിന് ഗതാഗതവകുപ്പും മാനേജ്മെന്റും തയ്യാറായില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും മുകേഷ് പറഞ്ഞു. ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് എംഎൽഎയുടെ വിമർശനം.
വിഷയത്തിൽ എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെട്ടിട്ടുണ്ട്. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്തിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കി.
നിരവധി തവണ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയം അവതരിപ്പിച്ച് ഗൗരവം ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് മുകേഷ് എംഎൽഎ പറഞ്ഞു. ഡിപ്പോയുടെ വിഷയത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി മന്ത്രിമാർക്ക് അയച്ച കത്തുകളും നിയമസഭയിൽ ചോദിച്ച ചോദ്യങ്ങളും എംഎൽഎ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.