ഇന്ത്യ- പാക് സംഘര്‍ഷം; ഐപിഎല്ലിന് പുറമേ ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യ പിന്മാറിയേക്കും, റിപ്പോർട്ട്

ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് ഇന്ത്യ

dot image

ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നിര്‍ത്തിവെച്ചതിന് പിന്നാലെ ഏഷ്യാ കപ്പില്‍ നിന്നും ബിസിസിഐ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ഏഷ്യാ കപ്പ് നടക്കേണ്ടത്. ഇന്ത്യ പിന്മാറുന്നതോടെ ടൂര്‍ണമെന്റ് നടക്കാനുള്ള സാധ്യത മങ്ങുകയും ചെയ്തു.

ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് ഇന്ത്യ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൂടി പരിഗണിച്ച് ടി20 ഫോര്‍മാറ്റിലായിരുന്നു ഇത്തവണ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലായിരുന്നു മത്സരിക്കേണ്ടത്. ഇന്ത്യയും പാകിസ്താനും കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളും ഏഷ്യാ കപ്പില്‍ മത്സരിക്കുന്നുണ്ട്. മത്സരങ്ങളുടെ വേദികളും മത്സരക്രമവും ഇതുവരെ തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല.

അതേസമയം അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അല്‍പ്പസമയം മുന്‍പാണ് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനമെടുത്തത്. കളിക്കാരുടെയും കാണികളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ മത്സരം നടത്താനാകില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘര്‍ഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു. ഐപിഎല്ലില്‍ ഇന്നലെ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. ഡല്‍ഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെ മാച്ച് ഒഫീഷ്യല്‍സിന് അതിര്‍ത്തി ജില്ലകളിലെ പാക് ആക്രമണത്തിന്റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകള്‍ ഓഫായി. ഉടന്‍ മത്സരവും നിര്‍ത്തിവെക്കുകയായിരുന്നു.

ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും അനുമതി ചോദിക്കുകയും ചെയ്തിരുന്നു. ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനിടെയാണ് ബിസിസിഐ നിര്‍ണായക തീരുമാനമെടുത്തത്.

Content Highlights: India- Pakistan Tension: Asia Cup 2025 to be postponed

dot image
To advertise here,contact us
dot image