
തിരുവനന്തപുരം: സോളാർ പീഡനക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് സഭ നിർത്തി വച്ച് ചർച്ച ചെയ്യാമെന്ന തീരുമാനത്തിന് പിന്നാലെ സഭയിൽ ബഹളം. ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചപ്പോൾ പണി പാളിയല്ലോ എന്ന് ഭരണപക്ഷ അംഗങ്ങൾക്കിടയിൽ നിന്ന് പരാമർശം ഉയർന്നതാണ് ബഹളത്തിന് കാരണമായത്. പരിഹാസത്തോടെയുള്ള പരാമർശത്തിൽ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ച് ബഹളം വെക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സഭ നിർത്തി വച്ച് സോളാർ വിഷയം ചർച്ച ചെയ്യുക. സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിൽ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ടാണ് പുതിയ സംഭവവികാസങ്ങൾക്ക് കാരണമായിരിക്കുന്നത്. സിബിഐ റിപ്പോർട്ട് സർക്കാരിന്റെ കൈവശമില്ലെന്നും മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമേ ഉള്ളെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഷാഫി പറമ്പില് നല്കിയ അടിയന്തര പ്രമേയ നോട്ടീസിന്മേലാണ് ചര്ച്ച ആവാമെന്ന നിലപാട് സര്ക്കാരെടുത്തത്.
മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയെ സോളാര് ലൈംഗിക പീഡന കേസില് കുറ്റവിമുക്തനാക്കിയ റിപ്പോര്ട്ടിലാണ്, കേസിൽ ഗൂഢാലോചന നടന്നതായി സിബിഐ വ്യക്തമാക്കിയിട്ടുള്ളത്. പരാതിക്കാരി ജയിലില് കിടന്നപ്പോള് ആദ്യം എഴുതിയ കത്തില് ഉമ്മന് ചാണ്ടിയുടെ പേര് ഇല്ലായിരുന്നു. ഇത് പിന്നീട് എഴുതി ചേര്ത്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കെ ബി ഗണേഷ്കുമാര് എംഎല്എ, ഗണേഷ്കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദദല്ലാള് നന്ദകുമാർ എന്നിവരുടെ കേസിലെ ഇടപെടലിനെക്കുറിച്ചും സിബിഐ റിപ്പോര്ട്ടില് പരാമര്ശമുണ്ട്. പരാതിക്കാരി ജയിലില് കിടക്കുമ്പോള് ആദ്യമെഴുതിയ കത്തിന് പുറമെ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിചേര്ത്ത് പലപ്പോഴായി എഴുതിയ നാല് കത്തുകളും സിബിഐ തെളിവായി കണ്ടെത്തിയിരുന്നു.
അതേസമയം, സിബിഐ കണ്ടെത്തല് അടങ്ങിയ റിപ്പോര്ട്ട് പത്ത് മാസം മുമ്പ് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് ലഭിച്ചിരുന്നുവെന്നാണ് സൂചന. എന്നാല് ഒന്നും പുറത്ത് പറയേണ്ടെന്ന് ചൂണ്ടികാട്ടി ആ റിപ്പോര്ട്ട് അദ്ദേഹം അഭിഭാഷകനില് നിന്നും വാങ്ങി എവിടേക്കോ മാറ്റുകയായിരുന്നുവെന്നാണ് വിവരം. ഇപ്പോള് മാധ്യമങ്ങളിലുടെ വിവരം പുറത്തേക്ക് വരുമ്പോഴാണ് പ്രതിപക്ഷ നേതാക്കള് പോലും ഇക്കാര്യം അറിയുന്നത്. റിപ്പോര്ട്ട് ഇതുപക്ഷത്തിനെതിരെ ആയുധമാക്കാമായിരുന്നിട്ടും അദ്ദേഹം പുറത്ത് വിടാതിരിക്കുകയായിരുന്നു. എന്നാല് അദ്ദേഹം മരിച്ചതിന് ശേഷവും കുടുംബത്തെ വേട്ടയാടാന് ശ്രമിച്ചവരോട് യാതൊരു സഹിഷ്ണുതയും കാണിക്കേണ്ടതില്ലെന്നാണ് കോണ്ഗ്രസ് നേതാക്കളുടെ നിലപാട്.