എ സി മൊയ്തീൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകും; പ്രതിയുമായി ഇടപാടുള്ള മുൻ എംപിയെ ചോദ്യം ചെയ്യാൻ നീക്കം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് എ സി മൊയ്തീന്‍ എംഎല്‍എ ഇഡിക്ക് മുമ്പില്‍ ഹാജരാകുന്നത്
എ സി മൊയ്തീൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകും; പ്രതിയുമായി ഇടപാടുള്ള മുൻ എംപിയെ ചോദ്യം ചെയ്യാൻ നീക്കം

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ എ സി മൊയ്തീന്‍ എംഎല്‍എ സെപ്തംബര്‍ 11ന് ഇഡിക്ക് മുന്നില്‍ ഹാജരാകും. കൊച്ചിയിലെ ഓഫീസിലാണ് എ സി മൊയ്തീന്‍ ഹാജരാവുക. തിങ്കളാഴ്ച ഹാജരാകാന്‍ നേരത്തെ ഇഡി എസി മൊയ്തീന് നോട്ടീസ് നല്‍കിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് എസി മൊയ്തീന്‍ എംഎല്‍എ ഇഡിക്ക് മുമ്പില്‍ ഹാജരാകുന്നത്. നേരത്തെ ഓഗസ്റ്റ് 31നും സെപ്തംബര്‍ 4നും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അസൗകര്യം ചൂണ്ടിക്കാണിച്ച് എ സി മൊയ്തീന്‍ ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഇനിയും ഹാജരായില്ലെങ്കില്‍ എ സി മൊയ്തീന്‍ എംഎല്‍എക്കെതിരെ കടുത്തനടപടിയിലേക്ക് നീങ്ങാന്‍ ഇ ഡിക്ക് നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് മൊയ്തീന്‍ വിട്ടുനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് 11ന് ഹാജരാകണമെന്ന് ഇഡി മൂന്നാം നോട്ടീസ് നല്‍കിയത്. ചോദ്യംചെയ്യലിനു ഹാജരാവാന്‍ സാക്ഷികള്‍ക്ക് നല്‍കുന്ന നോട്ടീസാണു മൊയ്തീനു നല്‍കിയിട്ടുള്ളത്. മൂന്നാം തവണയും വിട്ടുനിന്നാല്‍ പ്രതിയാകാന്‍ സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന നോട്ടീസ് അയയ്ക്കാനാണ് നിയമോപദേശം. എന്നിട്ടും ഹാജരായില്ലെങ്കില്‍ കോടതി വഴി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും ഇഡി തീരുമാനിച്ചിരുന്നു.

ഇതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സതീഷ്‌കുമാറുമായി പണമിടപാട് നടത്തിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെയും മുന്‍ എം പിയെയും ഇഡി ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിലായ സതീഷ് കുമാറിനും പി പി കിരണിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പണമിടപാട് ഉണ്ടായിരുന്നു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഒരു മുന്‍ എംപി യ്ക്കും ഒരു എംഎല്‍എ ക്കും കള്ളപ്പണമിടപാടില്‍ ബന്ധമുണ്ട് എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ എംപിക്കും എംഎല്‍എയ്ക്കും അടുത്ത ദിവസം നോട്ടീസ് നല്‍കും . സതീഷ്‌കുമാറാണ് ഉന്നതരുമായി നേരിട്ട് പണമിടപാട് നടത്തിയിരുന്നത്. റിട്ട. എസ്പിമാരും റിട്ട ഡിവൈഎസ്പി മാരും ഈ ലിസ്റ്റിലുണ്ട് . അറസ്റ്റിലായ സതീഷ് കുമാറിനും കിരണിനും എസി മൊയ്തീനുമായി അടുത്ത ബന്ധമുണ്ട്. ഇവര്‍ക്കിടയിലുള്ള പണമിടപാട് സംബന്ധിച്ച തെളിവുകള്‍ ഇ ഡി ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com