കർഷകർക്ക് കടാശ്വാസം; 2015 മുതൽ 2022 വരെ കമ്മീഷന്‍ ശുപാർശ ചെയ്തത് 299 കോടി രൂപയുടെ കടം ഇളവിന്

ഒരു കർഷകന് പരമാവധി രണ്ട് ലക്ഷം രൂപയാണ് കടാശ്വാസ ശുപാർശയ്ക്ക് അർഹതയുള്ളത്
കർഷകർക്ക് കടാശ്വാസം; 2015 മുതൽ 2022 വരെ കമ്മീഷന്‍ ശുപാർശ ചെയ്തത് 299 കോടി രൂപയുടെ കടം ഇളവിന്

തിരവനന്തപുരം: 2015 മുതൽ 2022 വരെ കർഷകരുടെ കടം ഇളവുനല്‍കുന്നതിനായി കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ശുപാർശ ചെയ്തത് 299 കോടിയോളം രൂപ. കർഷക കടാശ്വാസ കമ്മീഷൻ സർക്കാരിന് നൽകിയ ശുപാർശയിൽ സർക്കാരിൽ നിന്നും ഇനി അനുവദിക്കാനുള്ളത് 144 കോടി രൂപയാണ്. സംസ്ഥാനത്ത് കടബാദ്ധ്യതമൂലം ദുരിതത്തിലാണ്ട കര്‍ഷകര്‍ക്ക് കടം ഇളവിന് ശുപാര്‍ശ നല്‍കുന്നതിനും കർഷകർക്ക് സഹായം ഒരുക്കുന്നതിനുമായി സംസ്ഥാന ഗവണ്‍മെന്റ് രൂപീകരിച്ച കമ്മീഷനാണ് കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍. ഒരു കർഷകന് പരമാവധി രണ്ട് ലക്ഷം രൂപയാണ് കടാശ്വാസ ശുപാർശയ്ക്ക് അർഹതയുള്ളത്.

കർഷക കടാശ്വാസ കമ്മീഷൻ കടാശ്വാസം ശുപാർശ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. തുക അനുവദിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. കർഷകൻ ഏത് ബാങ്കിൽ നിന്നാണോ കാർഷിക വായ്പ എടുത്തിരിക്കുന്നത് ആ ബാങ്കും കമ്മീഷനുമായി ഒത്ത് തീർപ്പിൽ എത്താറാണ് പതിവ്. കുടിശ്ശിക 50000 രൂപ വരെയാണെങ്കിൽ തുകയുടെ 75 ശതമാനം വരെയും 50000 രൂപയ്ക്ക് മുകളിലാണെങ്കിൽ തുകയുടെ 50 ശതമാനം വരെയും കടാശ്വാസമായി അനുവദിക്കും.

2015 മുതൽ 2022 വരെ 1, 16 975 അപേക്ഷകളാണ് കർഷക കടാശ്വാസ കമ്മീഷന് ലഭിച്ചത്. മുൻ വർഷങ്ങളിലെ അപേക്ഷകൾ ഉൾപ്പെടെ 1,63,084 അപേക്ഷകളിൽ കർഷക കടാശ്വാസ കമ്മീഷൻ തീർപ്പ് കൽപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ 299,17, 40, 860 രൂപയാണ് കടാശ്വാസമായി നൽകാൻ സർക്കാരിലേക്ക് കമ്മീഷൻ ശുപാർശ ചെയ്തത്. നാളിതുവരെയുള്ള കുടിശ്ശികയായി 144,74,35,757 രൂപ സർക്കാരിൽ നിന്നും അനുവദിക്കാനുണ്ട്.

2015 -2016 സാമ്പത്തിക വർഷം കർഷക കടാശ്വാസ കമ്മീഷൻ സർക്കാരിലേക്ക് ശുപാർശ ചെയ്ത തുക 13, 40,66,194 രൂപയാണ്. സർക്കാർ ബജറ്റിൽ അനുവദിച്ച തുക 20 കോടി രൂപ. 2016-2017ൽ 11,76,26, 021 രൂപ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. സർക്കാർ ബജറ്റിൽ അനുവദിച്ചത് 20 കോടി രൂപയാണ്. 2017-2018 ൽ 10, 99,82,209 രൂപ കമ്മീഷൻ ശുപാർശ ചെയ്തു സർക്കാർ ബജറ്റിൽ അനുവദിച്ചത് 19,76,74, 265 രൂപ. 2018-2019 ൽ 12, 60,42,674 രൂപ ശുപാർശ ചെയ്തു. ബജറ്റിൽ അനുവദിച്ചത് 6,71,74,222 രൂപ.

2019-2020 ൽ 113, 19, 23,493 രൂപ ശുപാർശ ചെയ്തു. സർക്കാർ ബജറ്റിൽ അനുവദിച്ചത് കേവലം 13,48,56,328 രൂപ മാത്രം. 2020-2021 ൽ 54, 34, 21,404 രൂപ ശുപാർശ ചെയ്തു. ബജറ്റിൽ ഉൾക്കൊള്ളിച്ചത് 5, 40,95,576 രൂപ മാത്രം, 2021- 2022 ൽ 82, 86,78,885 രൂപ ശുപാർശ ചെയ്തു. ബജറ്റിൽ വകയിരുത്തിയത് 15,98, 77,316 രൂപ മാത്രം. പത്തനംതിട്ട സ്വദേശി വിവരാവകാശ പ്രവർത്തകൻ മനോജ് കാർത്തികയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com