പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണകേസ്; കെ സുധാകരന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

പുരാവസ്തു തട്ടിപ്പ് കേസിൽ സുധാകരനെ നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു
പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണകേസ്; കെ സുധാകരന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പിലെ കളളപ്പണക്കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഇന്ന് ചോദ്യംചെയ്യലിന് ഇഡി ഓഫീസിൽ ഹാജരാകും. മോൻസനുമായുളള സാമ്പത്തിക ഇടപെടലിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്യുക. രാവിലെ പത്തിന് ഇഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

സുധാകരന്റെ പേരിൽ യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തൽ. പുരാവസ്തു തട്ടിപ്പ് കേസിൽ സുധാകരനെ നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. 10 കോടിയുടെ തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കൽ, യഥാർത്ഥ രേഖ എന്ന മട്ടിൽ വ്യാജരേഖ ഉപയോഗിക്കൽ എന്നീ കുറ്റങ്ങളും സുധാകരനെതിരെ ചുമത്തിയിരുന്നു. മോൻസന്റെ പക്കൽ നിന്ന് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയും കേസിൽ നിർണ്ണായകമാണ്.

അതേസമയം കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. മോൻസൺ മാവുങ്കലുമായുളള സാമ്പത്തിക ഇടപാടിലെ കളളപ്പണ കേസിലാണ് ഡിഐജിയെ ചോദ്യംചെയ്തത്. മോൻസന്റെ അക്കൗണ്ടിൽ നിന്ന് ഡിഐജിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പല തവണകളായി പണം എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ മോൻസന്റെ സാമ്പത്തിക ഇടപാടിൽ പങ്കില്ലെന്നാണ് ഡിഐജിയുടെ മൊഴി.

തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഐജി ലക്ഷ്മണിനെതിരെയുളള ​ഗുരുതര കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് നടത്തിയത്. തട്ടിപ്പുകേസിലെ മുഖ്യ ആസൂത്രകനാണ് ഐജി എന്നും ​ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർ‌ട്ടിൽ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com