
കോഴിക്കോട്: കൊയിലാണ്ടിയിൽ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ ലഹരി സംഘത്തിനെതിരെ വധശ്രമത്തിന് കേസെടുത്തു. കൊയിലാണ്ടിയിൽ രാത്രി ഒൻപതരയോടെയാണ് പരിശോധനയ്ക്കെത്തിയ എക്സൈസ് പൊലീസ് സംഘത്തിനെതിരെ ആക്രമണമുണ്ടായത്. ബാവ ഷോപ്പിങ് കോംപ്ലക്സിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരെയാണ് ലഹരി സംഘം മർദ്ദിച്ചത്.
മർദ്ദനത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇന്സ്പെക്ടര് എ പി ദിപേഷ്, പ്രിവന്റീവ് ഓഫീസര് സജീവന്, സിവില് എക്സൈസ് ഓഫീസര്മാരായ രതീഷ്, രാകേഷ് ബാബു എന്നിവര്ക്ക് പരിക്കേറ്റു. പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാർക്കും മർദ്ദനമേൽക്കുകയായിരുന്നു. സംഭവത്തില് കൊയിലാണ്ടി സ്വദേശിയായ യാസിന്, ചെങ്ങോട്ടുകാവ് സ്വദേശിയായ സുമേഷ്, അരങ്ങാടത്ത് മുര്ഷിദ് എന്നിവരെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു.