
കൊച്ചി: ആലുവയില് ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയെ ഓര്ത്ത് അധ്യാപകര്. എല്ലാവരോടും നന്നായി ഇടപഴകിയിരുന്ന മിടുക്കിയായിരുന്നു കുട്ടിയെന്ന് തായ്ക്കാട്ടുകര സ്കൂളിലെ അധ്യാപകര് ഒന്നടങ്കം പറയുന്നു. സ്കൂളില് വരാന് ഏറെ ഇഷ്ടപ്പെട്ടിരുന്നു കുട്ടിയെ ചിരിച്ച മുഖത്തോട് കൂടിയെ കാണാറുണ്ടായിരുന്നുള്ളു എന്നാണ് ഇവര് പറയുന്നത്.
'മിടുക്കിയായിരുന്നു. എപ്പോഴും സംസാരിക്കാന് ഇഷ്ടമായിരുന്നു. ക്ലാസിലെത്തിയാല് ഉടന് സംസാരിക്കാന് ഓടിവരും. അനിയനെ കുറിച്ചും ചേച്ചിയെ കുറിച്ചുമൊക്കെ സംസാരിക്കും. ക്ലാസില് വരാനും പഠിക്കാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു. ഒരു ദിവസം സ്കൂള് ബസ് കിട്ടിയില്ലെങ്കില് വൈകിയാണെങ്കിലും സ്കൂളില് വരും. അക്ഷരങ്ങള് പഠിക്കാനൊക്കെ നല്ല ഇഷ്ടമായിരുന്നു. എല്ലാം എഴുതി വേഗം വന്ന് കാണിക്കുമായിരുന്നു', കുട്ടിയുടെ ക്ലസ് ടീച്ചര് റിപ്പോര്ട്ടറിനോട് പറഞ്ഞു.
കുട്ടി നന്നായി മലയാളം സംസാരിക്കുമായിരുന്നുവെന്ന് സ്കൂള് പ്രിന്സിപ്പല് പറഞ്ഞു. പഠിക്കാനും മിടുക്കിയായിരുന്നു. എല്ലാവരോടും നന്നായി ഇടപെടും. ഒറ്റദിവസം പോലും സ്കൂളില് വരാതിരിക്കില്ല. ക്ലാസില് സൈലന്റ് ആയിരുന്നെങ്കിലും എല്ലാവരോടും നന്നായി ഇടപഴകുമായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് കുട്ടിയെ അവസാനമായി കണ്ടത്. വെള്ളിയാഴ്ച അവധിയായിരുന്നു. അന്ന് വൈകിട്ടാണ് കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞതെന്നും പ്രിന്സിപ്പല് പറഞ്ഞു.
അതേസമയം കുട്ടിയുടെ സംസ്കാരം ഇന്ന് കീഴ്മാട് പൊതുശ്മശാനത്തില് നടക്കും. രാവിലെ സ്കൂളില് പൊതുദര്ശനമുണ്ടായിരിക്കും. പോസ്റ്റുമോര്ട്ടത്തിന് ശേഷം ആലുവ താലൂക്ക് ആശുപത്രിയില് സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം ബന്ധുക്കള് ഏറ്റുവാങ്ങും.