സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാന്‍ കോണ്‍ഗ്രസ് പിന്തുടരുന്ന സംഘടനാ രീതികളുണ്ട്: പി സി വിഷ്ണുനാഥ്

മറ്റൊരു അഭിപ്രായം പറയാന്‍ ഞാനില്ല. വിയോഗത്തിന്റെ വേദനയിലാണ്
സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാന്‍ കോണ്‍ഗ്രസ് പിന്തുടരുന്ന സംഘടനാ രീതികളുണ്ട്: പി സി വിഷ്ണുനാഥ്

കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോണ്‍ഗ്രസ് ഔദ്യോഗികമായി കടന്നിട്ടില്ലെന്ന് പി സി വിഷ്ണുനാഥ്. കെപിസിസി യോഗം തിങ്കളാഴ്ച്ചയാണ് നടക്കുന്നത്. യുഡിഎഫിന്റേയും ഡിസിസിയുടേയും അനുസ്മരണ യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പി സി വിഷ്ണുനാഥ് റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു. പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിയെ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുതന്നെ തീരുമാനിക്കുമെന്നും ഇനി കുടുംബത്തിലാണ് ചര്‍ച്ച വേണ്ടതെന്നുമുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വിഷ്ണുനാഥ്.

'സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പിന്തുടരുന്ന സംഘടനാ രീതികളുണ്ട്. കെപിസിസിയുടേയും എഐസിസിയുടേയും തിരഞ്ഞെടുപ്പ് കമ്മിറ്റികളുണ്ട്. അതെല്ലാം ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. ആ ഘട്ടത്തിലായിരിക്കാം സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പാര്‍ട്ടിയിലുണ്ടാവുക. മറ്റൊരു അഭിപ്രായം പറയാന്‍ ഞാനില്ല. വിയോഗത്തിന്റെ വേദനയിലാണ്. മറ്റൊന്നു പ്രതികരിക്കാനില്ല.' പി സി വിഷ്ണുനാഥ് പറഞ്ഞു.

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അച്ചു ഉമ്മന്റെ പേരും ചാണ്ടി ഉമ്മന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇവരില്‍ ആര് വേണമെന്നത് കുടുംബം തീരുമാനിക്കുമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ഇക്കാര്യത്തില്‍ ഔപചാരിക ചര്‍ച്ചകള്‍ രണ്ട് ദിവസത്തിനുള്ളില്‍ തുടങ്ങും. എന്തായാലും പുറത്ത് നിന്നും മറ്റ് സ്ഥാനാര്‍ത്ഥികള്‍ പുതുപ്പള്ളിയില്‍ മത്സരിക്കില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പ്രസ്താവന ചര്‍ച്ചയായതോടെ കെ സുധാകരന്‍ തന്റെ നിലപാട് തിരുത്തി രംഗത്തെത്തി. കുടുംബത്തില്‍ നിന്നുള്ള പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണനയിലുണ്ടെന്നും അക്കാര്യം കുടുംബവുമായി ചര്‍ച്ച ചെയ്യുമെന്നാണ് പറഞ്ഞതെന്നും സുധാകരന്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com