Top

'മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ല'; അടുത്ത ദുരന്തത്തിന് വഴിയൊരുക്കുമോ എന്ന ഭയം ജനത്തിനുണ്ടെന്ന് പിസി ജോര്‍ജ്

20 Oct 2021 11:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ല; അടുത്ത ദുരന്തത്തിന് വഴിയൊരുക്കുമോ എന്ന ഭയം ജനത്തിനുണ്ടെന്ന് പിസി ജോര്‍ജ്
X

കേരളം മഴക്കെടുതി നേരിടുന്നതിനിടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്. 'മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഡാം തകരുന്ന പക്ഷം 35 ലക്ഷത്തോളം മനുഷ്യജീവന്‍ നഷ്ടപ്പെടുമെന്ന് കണക്കാക്കപ്പെടുന്നത്'- എന്നും പി സി ജോര്‍ജ് പറഞ്ഞു. ഡാം അടുത്ത ദുരന്തത്തിന് വഴിയൊരുക്കുമോ എന്ന ഭയം ജനത്തിനുണ്ടെന്നാണ് പ്രസ്താവനയില്‍ പിസി ജോര്‍ജ് അവകാശപ്പെടുന്നത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് അനാവശ്യമായി ആശങ്ക പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് പി സി ജോര്‍ജിന്റെ പ്രസ്താവന.

പിസി ജോർജിന്റെ പ്രസ്താവന:

കൂട്ടിക്കൽ,കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലായി ഉണ്ടായിട്ടുള്ള പ്രളയ ദുരന്തം മൂലം ഇരുപത്തിമൂന്നോളം മനുഷ്യജീവൻ നഷ്ടപ്പെട്ടു. 600 ന് മുകളിൽ വീടുകൾ തകർന്നു. പൂഞ്ഞാർ - ചോലത്തടം - കാവാലി - ഏന്തയാർ റോഡ്, നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കൂട്ടിക്കൽ - ഇളംകാട്- വാഗമൺ റോഡ്, കൈപ്പള്ളി - ഏന്തയാർ റോഡ്, മുണ്ടക്കയം - പുത്തൻചന്ത റോഡ് ഉൾപ്പെടെയുള്ള റോഡുകൾ പൂർണമായും തകർന്നു. മൂന്നു പഞ്ചായത്തുകളിലായിട്ടുള്ള പല പാലങ്ങളും തകർന്നു പോവുകയും ചില പാലങ്ങൾ തകർച്ചയുടെ വക്കിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഇത്രമാത്രം ദുരന്തം നാടിന് ഉണ്ടായതിന്റെ ഉത്തരവാദിത്വം പിണറായി സർക്കാർ ഏറ്റെടുത്തേ മതിയാവൂ.

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഈ പ്രകൃതിക്ഷോഭത്തെ നേരിടുവാനുള്ള ഒരു മുൻകരുതലും എടുക്കാൻ സർക്കാരിന് കഴിഞ്ഞില്ല. നമ്മുടെ മുല്ലപ്പെരിയാർ ഡാം അടുത്ത ദുരന്തത്തിന് വഴിയൊരുക്കുമോ എന്ന ഭയം ജനത്തിനുണ്ട്. 125 വർഷം പഴക്കമുള്ള ഡാം സുരക്ഷിതമല്ലെന്ന് നമുക്കറിയാം. ഡാം തകർന്നാൽ 35 ലക്ഷത്തോളം മനുഷ്യജീവൻ നഷ്ടപ്പെടും എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ഡാം മാറ്റി പണിയുന്നതിന് വിദഗ്ധ സംഘം സ്ഥലം നിശ്ചയിക്കുകയും ഡാം നിർമ്മാണത്തെ സംബന്ധിച്ച് വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലം മുതൽ ചർച്ച നടക്കുന്നതുമാണ്. പുതിയ ഡാമിന്റെ നിർമ്മാണ ചിലവ് പൂർണമായി ഏറ്റെടുത്തുകൊള്ളാമെന്ന് തമിഴ്നാട് സർക്കാർ പറഞ്ഞിരുന്നെങ്കിലും ദുരഭിമാനത്തിന്റെ പേരിൽ കേരളം ഇതിന് സമ്മതിച്ചില്ല .

കേരളത്തെ രണ്ടായി വിഭജിക്കും എന്ന് ജനം വിശ്വസിക്കുന്ന കെ-റെയിൽ പദ്ധതിക്കുവേണ്ടി 63,000 കോടി രൂപ കണ്ടെത്താൻ ശ്രമിക്കുന്ന സഖാവ് പിണറായി ഡാം പണിയാനുള്ള 2000 കോടി രൂപ പോലും മുടക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. 31,000 കോടി രൂപയുടെ റീ ബിൽഡ് കേരള പദ്ധതിയിൽ 1000 കോടി രൂപ പോലും ചെലവഴിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. നമ്മുടെ നദികളിലെയും, ഡാമുകളിലെയും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്താൽ തന്നെ ആഴം വർദ്ധിപ്പിക്കുവാനും വെള്ളപ്പൊക്കത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുവാനും സാധിക്കും. മാത്രമല്ല തദ്ദേശസ്ഥാപനങ്ങൾക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാനും കഴിയും.

2018ലെ പ്രളയത്തിൽ ഉണ്ടായ ദുരിതങ്ങൾക്ക് ഇതുവരെയും പരിഹാരമുണ്ടാക്കാൻ കഴിയാത്ത സർക്കാർ ഈ ദുരന്തത്തെ എങ്ങനെ നേരിടും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മൂന്നു ലക്ഷം കോടി രൂപ കടക്കെണിയിലായ സർക്കാർ കേരള ജനതയെ ഈ ദുരന്തത്തിലൂടെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. എത്രയുംവേഗം മുല്ലപ്പെരിയാർ ഡാമിന് പകരം പുതിയ ഡാം പണിയുവാനുള്ള നടപടി സ്വീകരിച്ചേ മതിയാവൂ. ഇക്കാര്യത്തിൽ പിണറായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു. പ്രളയ ദുരന്തം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ കേന്ദ്ര ഗവൺമെന്റിന്റെ സഹായം നിർബന്ധമായും ലഭിച്ചേ മതിയാവൂ. ഈ കാര്യത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു .

Next Story