
കാസർഗോഡ്: ബന്തടുക്ക ആനക്കല്ലിൽ ബസിന് നേരെ ആക്രമണം. ബൈക്കിലെത്തിയ യുവാവ് ബസ് തടഞ്ഞു നിർത്തി ഹെൽമറ്റ് കൊണ്ട് മുൻവശത്തെ ഗ്ലാസ്സ് അടിച്ചു തകർത്തു. സംഭവത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. തകർന്ന ഗ്ലാസ് കഷണം കണ്ണിൽ തെറിച്ചാണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. സ്വകാര്യ ബസ്സായ തത്വമസിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബന്തടുക്കയിൽ നിന്ന് കാസർഗോഡേക്ക് യാത്രക്കാരുമായി വരുന്നതിനിടയാണ് സംഭവം. ആക്രമണത്തെ തുടർന്ന് നിരവധി യാത്രക്കാർ പ്രതിസന്ധിയിലായി. സംഭവത്തിൽ ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.