'ചോരക്കുരുതി റഷ്യയുടെ ഹരമാണ്, യുഎസിനെ പ്രതീക്ഷിച്ചിരുന്നിട്ട് കാര്യമില്ല'; യുക്രൈനിയക്കാരോട് സിറിയന്‍ ജനത
3 March 2022 6:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റഷ്യന്‍ സൈനികാധിനിവേശം യുക്രൈന് നഗരങ്ങളില്‍ വ്യാപക നാശ നഷ്ടം വിതച്ചു കൊണ്ടിരിക്കുകയാണ്. 2000 പേര് രാജ്യത്ത് ഇതുവരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് പുറത്തു വരുന്ന കണക്കുകള്‍. ആശുപത്രികള്‍, സ്കൂളുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ ആക്രമിക്കപ്പെട്ടതായി യുക്രൈന് ആരോപിക്കുന്നു. ഈ പശ്ചാത്തലത്തില്‍ റഷ്യന്‍ സൈന്യം തങ്ങളുടെ രാജ്യത്ത് നടത്തിയ ചോരക്കുരുതിയെക്കുറിച്ച് സംസാരിക്കുകയാണ് സിറിയയിലെ ജനങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ നിരവധി സിറിയന്‍ പൗരര്‍ ഇത് സംബന്ധിച്ചുള്ള കുറിപ്പുകളും ട്വീറ്റുകളും പങ്കുവെക്കുന്നുണ്ട്.
ആശുപത്രി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് റഷ്യന്‍ സൈന്യത്തിന്റെ ഹരമാണെന്നാണ് ഇദ്ലിബ് സ്വദേശിയായ അഹമ്മദ് അല്‍ അബ്ദുള്ള ട്വീറ്റ് ചെയ്തത്. റഷ്യയുടെ ഈ ചോരക്കുരുതിയെ എങ്ങനെ അഭിമുഖീകരിക്കണമെന്നത് സംബന്ധിച്ചും ഇദ്ദേഹം യുക്രൈനിയക്കാര്‍ക്ക് നിര്‍ദ്ദേശം നല്കുന്നു. ബോംബാക്രമണം തുടരെ നടന്നു കൊണ്ടിരിക്കും. ആശുപത്രികളില്‍ രക്തം ദാനം ചെയ്യുക. രക്ഷപ്പെട്ടു കഴിയുന്നിടങ്ങളില്‍ ആവശ്യത്തിന് വെള്ളം കരുതുക. നിങ്ങള്‍ മിസൈലുകളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ അത് പറന്നുയരുകയാണ്. നിങ്ങളെ ലക്ഷ്യം വെച്ച് വരുന്ന മിസൈലുകളെ കേള്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെന്ന് വരില്ല. അഹ്മദിന്റെ ട്വീറ്റില്‍ പറയുന്നു.
ഈ ട്വീറ്റിനു താഴെ നിരവധി സിറിയന്‍ ജനങ്ങള്‍ കമന്റുകളുമായെത്തി. റഷ്യ വളരെ വൃത്തികെട്ട കളിയാണ് പൊതുവെ പ്രയോഗിക്കുക. യുക്രൈനിയന്‍ പൗരര്‍ ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്ന് മറ്റൊരു സിറിയന്‍ പൗരന് കമന്റ് ചെയ്തു. അലെപ്പൊയിലെ ഫ്രീ സിറിയന്‍ ആര്‍മി മുന്‍ പ്രതിനിധിയായ അബ്ദുള്‍ ജബ്ബാര്‍ അകൈതിയും ഇതേ പറ്റി സംസാരിച്ചു. റഷ്യന്‍ ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കണമെന്നാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം വാഷിംഗ് ടണ്‍ പോസ്റ്റിന് നല്കിയ അഭിമുഖത്തില്‍ യുക്രൈന് ജനങ്ങളോടായി പറഞ്ഞത്. റഷ്യയെ പ്രതിരോധിക്കാന്‍ അമേരിക്കയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തെ ആശ്രയിച്ചിട്ട് കാര്യമില്ല. കാരണം അവര്‍ സിറിയ പുടിന് തുറന്ന് കൊടുക്കയാണുണ്ടായതെന്നും അബ്ദുള്‍ ജബ്ബാര്‍ ചൂണ്ടിക്കാട്ടി.
മറ്റുള്ളവര്‍ കരുതുന്നതിനേക്കാള്‍ ശക്തരാണ് നിങ്ങളെന്ന് തെളിയിക്കു. ഒരുമിച്ച് നിന്ന് പറ്റുന്നത് വരെയും പോരാടുക. ഞങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുന്നു. അവസാനം നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കും, അദ്ദേഹം പറഞ്ഞു.
റഷ്യന്‍ ആയുധങ്ങളുടെ വിള നിലമായ സിറിയ
സിറിയന്‍ ആഭ്യന്തര യുദ്ധത്തിലേക്ക് 2015 ലാണ് റഷ്യയുടെ രംഗപ്രവേശം. വിമതസേനകള്‍ സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന നിലയിലായപ്പോഴാണ് റഷ്യ സഹായവുമായെത്തിയത്. അസദിനെ അധികാരത്തില്‍ നിലനിര്ത്താനയത് റഷ്യയുടെ ഇടപെല്‍ മൂലമായിരുന്നു. പക്ഷെ വിമത സേനകള്ക്കെന്ന പേരില്‍ സിറിയയിലെ ജനവാസ കേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കും കൊടിയ ആക്രമണങ്ങളാണ് റഷ്യന്‍ സേന നടത്തിയത്. പാരീസ് ആസ്ഥാനമായുള്ള സിറിയന്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സിന്റെ കണക്ക് പ്രകാരം സിറിയയിലെ ആശുപത്രികള്‍, സ്കൂളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലേക്ക് 1200 ലേറെ മിസൈലാക്രമണങ്ങളാണ് റഷ്യന്‍ സൈന്യം നടത്തിയത്.
STORY HIGHLIGHT: SYRIANS ADVICE TO UKRAINE
- TAGS:
- ukraine
- Ukraine Crisis
- SYRIA