'വഴിയില്‍ പണം കണ്ടേക്കാം, ഒരു കാരണവശാലും എടുക്കരുത്'; മുന്നറിയിപ്പുമായി ടെന്നസ പൊലീസ്
വിചിത്രമെന്ന് തോന്നിയാലും ഈ മുന്നറിയിപ്പിന് പിന്നില്‍ ഒരു കാരണമുണ്ട്
5 Feb 2023 7:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂയോര്‍ക്ക്: പല തരത്തിലുളള മുന്നറിയിപ്പുകളും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തില്‍ വളരെ വിചിത്രമായൊരു മുന്നറിയിപ്പ് സന്ദേശമാണ് അമേരിക്കയിലെ ടെന്നസിയില്‍ നിന്ന് വരുന്നത്. വഴിയില്‍ പണം കണ്ടേക്കാം...യാതൊരു കാരണവശാലും എടുക്കരുത്, കാരണം അത് നിങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാം എന്നായിരുന്നു മുന്നറിയിപ്പ്. ടെന്നസയിലെ പൊലീസ് പ്രദേശവാസികള്‍ക്ക് നല്‍കിയ സന്ദേശമാണിത്.
വിചിത്രമെന്ന് തോന്നിയാലും ഈ മുന്നറിയിപ്പിന് പിന്നില്‍ ഒരു കാരണമുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ടെന്നസിയിലെ ഒരു പ്രാദേശിക ഗ്യാസ് സ്റ്റേഷന്റെ തറയില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ കുറച്ച് ഡോളറുകള്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയ ഡോളറുകളില്‍ ഒരു വെളുത്ത പൊടിയുടെ അംശവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പൊടി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഫലം വന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ ഞെട്ടി.
വളരെ ചെറിയ അളവില്‍ മനുഷ്യ ശരീരത്തില്‍ കടന്നാല്‍ തന്നെ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള മയക്ക് മരുന്നുകളുടെ മിശ്രിതമായിരുന്നു ആ പൊടി. ഫെന്റനൈല്‍, മെത്താംഫെറ്റാമൈന്‍ എന്നീ സിന്തറ്റിക്ക് മയക്കുമരുന്നുകളുടെ സാന്നിധ്യമായിരുന്നു ആ പൊടിയില്‍ അടങ്ങിയിരുന്നത്. മോര്‍ഫിനേക്കാള്‍ 100 മടങ്ങ് ശക്തവും ഹെറോയിനേക്കാള്‍ 50 മടങ്ങ് വീര്യവും ഉള്ള സിന്തറ്റിക് ഒപിയോയിഡാണ് ഫെന്റനൈല്‍ എന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.
'ഇത് വളരെ അപകടകരമായ ഒന്നാണ്. പണം എടുക്കാതിരിക്കാന്‍ നിങ്ങളുടെ കുട്ടികളെ ശീലിപ്പിക്കുക. ആരെങ്കിലും ഇത്തരത്തിലുളള പണം കൊണ്ടുപോകുന്നതായി കണ്ടെത്തിയാല്‍ ശിക്ഷ ലഭിക്കുന്നതായിരിക്കും' ഷെരീഫ് നിക്ക് വീംസ് ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു. പൊടി പുരണ്ട പണം ആരാണ് അവിടെ ഉപേക്ഷിച്ചതെന്നറിയാനുളള അന്വേഷണം നടക്കുകയാണ്.
STORY HIGHLIGHTS: