
അബുദാബി: ഇസ്രായേല് പാലസതീന് യുദ്ധത്തിന്റെ പശ്ചാത്തലത്തില് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്, ബഹ്റൈന് ഡെപ്യൂട്ടി കിംഗ് പ്രിന്സ് സല്മാന് ബിന് ഹമദ് അല് ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്.
ജിസിസി രാജ്യങ്ങളില് ആന്റണി ബ്ലിങ്കണ് നടത്തുന്ന സന്ദര്ശനത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. യുദ്ധം അവസാനിപ്പിക്കാന് പ്രാദേശികവും അന്തര്ദേശീയവുമായി ഇടപെടല് ശക്തമാക്കേണ്ടതിന്റെ ആവശ്യകത യുഎഇ പ്രസിഡന്റ ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് ചൂണ്ടികാട്ടി. പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തി ന്യായവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് സജീവമായി പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചര്ച്ച ചെയ്തു.
സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള എല്ലാ പ്രാദേശിക, ആഗോള ശ്രമങ്ങളെയും പിന്തുണക്കുന്നതായി ആന്റണി ബ്ലിങ്കനുമായുളള ചര്ച്ചയില് ബഹ്റൈന് ഡെപ്യൂട്ടി കിംഗ് സല്മാന് ബിന് ഹമദ് അല് ഖലീഫ പറഞ്ഞു. ഗാസ മുനമ്പില് ഭക്ഷണവും വെള്ളവും, ചികില്സയും ഉള്പ്പെടെയുളള മാനുഷിക സഹായങ്ങള് ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടികാട്ടി. ഇതിനൊപ്പം നിരപരാധികളായ ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും സല്മാന് ബിന് ഹമദ് അല് ഖലീഫ പറഞ്ഞു.
അതേസമയം പലസ്തീന് ജനതക്ക് യുഎഇ ഭരണകൂടം വീണ്ടും സഹായം പ്രഖ്യാപിച്ചു. 50 മില്ല്യണ് ദിര്ഹത്തിന്റെ മാനുഷിക സഹായം പലസ്തീന് ലഭ്യമാക്കാന് ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം ഉത്തരവിട്ടു. പലസ്തീന് സഹായം എത്തിക്കുന്നതിന് വേണ്ടിയുളള ക്യാമ്പയിന് ഇന്ന് തുടക്കം കറിക്കും. മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം ഗ്ലോബല് ഇനിഷ്യേറ്റീവ്സ് വഴിയാകും സഹായം എത്തിക്കുക. പലസ്തീന് രണ്ട് കോടി ഡോളറിന്റെ സഹായം എത്തിക്കാന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് നേരത്തെ ഉത്തരവിട്ടിരുന്നു.
'പലസ്തീന് ജനതക്ക് 50 മില്ല്യണ് ദിര്ഹത്തിന്റെ മാനുഷിക സഹായം'; പ്രഖ്യാപിച്ച് യുഎഇ'ഗാസക്ക് വേണ്ടി അനുകമ്പ' എന്ന തലക്കെട്ടില് സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളില് സഹായങ്ങള് ശേഖരിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങള് തുറക്കും. ചാരിറ്റബിള് സ്ഥാപനങ്ങള്, സന്നദ്ധ സംഘടനകള്, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്, മാധ്യമങ്ങള് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന് സംഘടിപ്പിക്കുകയെന്നും യുഎഇ ഭരണകൂടം അറിയിച്ചിരുന്നു. ഹമാസ്-ഇസ്രയേൽ യുദ്ധത്തെ തുടർന്ന് സൗദി അറേബ്യ ഇസ്ലാമിക് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ നേതൃത്വത്തിൽ ബുധനാഴ്ച ജിദ്ദയിൽ വച്ചാണ് യോഗം നടക്കുക.