
ഡൽഹി: ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കാനഡ. അന്വേഷണത്തിനായി കാനഡ പ്രത്യേക സംഘത്തെ രൂപികരിച്ചു. സംഘത്തിന് ആവശ്യമെങ്കിൽ ഇന്ത്യയിൽ എത്തി അന്വേഷണം നടത്താൻ അനുമതി നൽകണം എന്നും കാനഡ ആവശ്യപ്പെട്ടു. അനൗദ്യോഗിക ചർച്ചകളിലാണ് കാനഡ ഈ ആവശ്യം മുന്നോട്ട് വെച്ചത്. എന്നാൽ ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ല എന്ന കടുത്ത നിലപാടിലാണ് ഇന്ത്യ.
നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്നാണ് അമേരിക്ക ആവർത്തിച്ച് ആവശ്യപ്പെടുന്നത്. അമേരിക്കന് വിദേശകാര്യ വക്താവ് മാത്യു മില്ലറാണ് കാനഡയെ പിന്തുണച്ച് രംഗത്ത് വന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ചേര്ന്ന ക്വാഡ് നേതാക്കളുടെ യോഗത്തില് കാനഡ വിഷയം ചര്ച്ചയായില്ലെന്നും മാത്യു മില്ലര് വ്യക്തമാക്കി. ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നില്ല, ക്വാഡ് അംഗങ്ങളുടെ യോഗമായിരുന്നു നടന്നതെന്നായിരുന്നു ഈ വിഷയത്തില് മാത്യു മില്ലറുടെ പ്രതികരണം.
നേരത്തെ യുഎന് പൊതുസഭയില് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് കാനഡയ്ക്ക് പരോക്ഷ മറുപടി നൽകിയിരുന്നു. എല്ലാ രാജ്യങ്ങളുടേയും പരമാധികാരത്തെ മാനിക്കുന്നുവെന്നും എന്നാല് രാജ്യങ്ങള് മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില് ഇടപെടരുതെന്നും ജയ്ശങ്കര് പറഞ്ഞിരുന്നു. ഇന്ത്യ-കാനഡ നയതന്ത്ര തര്ക്കത്തിന് പിന്നില് കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ രാഷ്ട്രീയ താത്പര്യമാണെന്ന് പരോക്ഷമായി വിമര്ശിക്കുന്നതായിരുന്നു ഇന്ത്യന് വിദേശകാര്യ മന്ത്രിയുടെ പ്രസംഗം.
പഞ്ചാബ് മേഖലയിൽ പ്രത്യേക സിഖ് സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി വാദിച്ച ഹർദീപ് സിങ് ജൂൺ 18 നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ മുതിർന്ന ഖലിസ്ഥാൻ നേതാക്കളിൽ ഒരാളാണ് ഹർദീപ് സിങ് നിജ്ജാർ. പഞ്ചാബിലെ ജലന്ധറിലെ ഭർസിംഗ്പൂർ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നിജ്ജാർ.
Read More: 'ഇന്ത്യൻ ഉദ്യോഗസ്ഥരെ അവഹേളിക്കുന്നു, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു': കാനഡക്കെതിരെ എസ് ജയശങ്കർ
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക