'ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറി'; ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക

"യാതൊരു തെളിവുകളുമില്ലാതെയാണ് കാനഡ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ രംഗത്തുവന്നത്. ഇതേ സമീപനം അവർ ശ്രീലങ്കയോടും മുമ്പ് സ്വീകരിച്ചിട്ടുണ്ട്. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന കടുത്ത നുണയാണ് അന്ന് കാനഡ പറഞ്ഞത്"

dot image

ഡൽഹി: ഇന്ത്യ-കാനഡ നയതന്ത്ര സംഘർഷം തുടരുന്നതിനിടെ വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക. കാനഡയെ രൂക്ഷമായി വിമർശിച്ചാണ് ശ്രീലങ്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയിരിക്കുന്നു. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങൾ ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുകയാണെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി അഭിപ്രായപ്പെട്ടു.

ചില ഭീകരർ കാനഡയെ സുരക്ഷിത താവളമായാണു കാണുന്നത്. യാതൊരു തെളിവുകളുമില്ലാതെയാണ് കാനഡ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ രംഗത്തുവന്നത്. ഇതേ സമീപനം അവർ ശ്രീലങ്കയോടും മുമ്പ് സ്വീകരിച്ചിട്ടുണ്ട്. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന കടുത്ത നുണയാണ് അന്ന് കാനഡ പറഞ്ഞത്. ശ്രീലങ്കയിൽ വംശഹത്യ നടക്കുന്നില്ലെന്ന് എല്ലാവർക്കും അറിയാമെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് അലി സാബ്രി പ്രതികരിച്ചു. ‘‘ഒരു രാജ്യവും മറ്റൊരു രാജ്യത്തിന്റെ കാര്യങ്ങളിലേക്കു തലയിടുകയോ എങ്ങനെ ഭരിക്കണമെന്ന് നിർദേശിക്കുകയോ ചെയ്യേണ്ടതില്ല. ഇന്ത്യൻ മഹാസമുദ്രമെന്ന മേൽവിലാസം വളരെ പ്രധാനപ്പെട്ടതാണ്. മേഖലയെ ശക്തിപ്പെടുത്താനായി ഒരുമിച്ച് നിൽക്കണം. അങ്ങനെ മാത്രമേ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാവൂ.’’ അലി സാബ്രി പറഞ്ഞു.

അതേസമയം, ഖലിസ്ഥാനി സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും കോൺസുലേറ്റുകൾക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രതയോടെയിരിക്കാനും കരുതലുകൾ സ്വീകരിക്കാനും കാനഡ നിർദേശിച്ചിട്ടുണ്ട്. 'ഇന്ത്യയും കാനഡയും തമ്മിൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾക്കും കാനഡ വിരുദ്ധ നീക്കങ്ങൾക്കും സാധ്യതയുണ്ട്. സോഷ്യൽമീഡിയയിലൂടെ കാനഡ വിരുദ്ധത പ്രചരിക്കുന്നുണ്ട്. ജാഗ്രതയോടെയിരിക്കണം, കരുതൽ നടപടികൾ സ്വീകരിക്കണം'. കാനഡ സർക്കാർ പൗരന്മാരെ അറിയിച്ചു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image