'ഇവിടം സുരക്ഷിതം'; വിദ്യാർത്ഥികൾക്കുള്ള ഇന്ത്യയുടെ മുന്നറിയിപ്പ് തള്ളി കാനഡ, പ്രശ്നം വഷളാവുന്നു

കാനഡയിൽ കഴിയുന്ന ഖലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ എൻഐഎ വേഗത്തിലാക്കി
'ഇവിടം സുരക്ഷിതം'; വിദ്യാർത്ഥികൾക്കുള്ള ഇന്ത്യയുടെ മുന്നറിയിപ്പ് തള്ളി കാനഡ, പ്രശ്നം വഷളാവുന്നു

ഒട്ടാവ: ഇന്ത്യ-കാനഡ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയ ഇന്ത്യയുടെ നടപടിയെ തളളി കാനഡ. കാനഡ ഒരു സുരക്ഷിത രാജ്യമാണെന്ന് കനേഡിയൻ പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. അതേസമയം കാനഡ ഭീകരരെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കുമെന്ന് ഇന്ത്യ അറിയിച്ചു.

ഇന്ത്യാ വിരുദ്ധ അജണ്ടയുളളവരുടെ അക്രമണത്തിന് സാധ്യതയുളളതിനാലാണ് ഇന്ത്യ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് ഉള്ള യാത്ര ഒഴിവാക്കണം എന്നാണ് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചത്. ഖലിസ്ഥാൻ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.

തർക്കം മുറുകുന്നതിനിടെ കാനഡയിൽ കഴിയുന്ന ഖലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ എൻഐഎ വേഗത്തിലാക്കിയിട്ടുണ്ട്. വിവിധ കേസുകളിൽ പ്രതികളായ കാനഡയുമായി ബന്ധമുളള ഖലിസ്ഥാൻ തീവ്രവാദികളുടേയും ​ഗുണ്ടാ നേതാക്കളുടേയും പട്ടിക പുറത്തുവിട്ടിട്ടുണ്ട്. 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളിൽ പ്രതികളായ അഞ്ച് ഖലിസ്ഥാൻ ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പത്തു ലക്ഷം രൂപയാണ് ബബർ കൽസ എന്ന സംഘടനയിലെ അംഗങ്ങളായ ഭീകരരെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് നൽകുക.

ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ-കാന‍ഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്നാണ് ഉന്നതവൃത്തങ്ങളുടെ വിലയിരുത്തൽ. കാനഡ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും അതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് നോക്കികാണുന്നത്. 20 ലക്ഷത്തോളം ഇന്ത്യൻ വംശജർ കാനഡയിലുണ്ട്. മലയാളികൾ അടക്കം 75000 പേർ പ്രതിവർഷം കാനഡയിലേക്ക് കുടിയേറുന്നുണ്ട് എന്നാണ് കണക്ക്. ട്രൂഡോയുടെ അടുത്ത നീക്കം എന്തെന്ന് അറിഞ്ഞ ശേഷമാകും ഇന്ത്യയുടെ നിർണായക നീക്കം ഉണ്ടാകുക.

ജസ്റ്റിൻ ട്രൂഡോ ഭരണത്തിൽ എത്തിയത് മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ദൃശ്യമായിരുന്നു. ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിൻറെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെ ആശ്രയിച്ചാണ് ഭരണത്തിൽ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യാ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നു എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിൻ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നതായാണ് വിവരം.

കാനഡയിൽ അടുത്ത പൊതു തെരഞ്ഞെടുപ്പ് 2025ലാണ് നടക്കുക. ഈ സാഹചര്യത്തിൽ നിലപാട് തിരുത്താൻ ജസ്റ്റിൻ ട്രൂഡോ തയ്യാറാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിൽ അമേരിക്കയും ഫ്രാൻസും ഉൾപ്പടെ ജി7 രാജ്യങ്ങളെ കൂടെ നിർത്താനുള്ള നീക്കം ട്രൂഡോ തുടങ്ങിയിട്ടുണ്ട്. കാനഡ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണ്. അതിൽ സുതാര്യമായ അന്വേഷണം വേണമെന്നും ഇന്ത്യയുടെ സഹകരണമുണ്ടാകണമെന്നും നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോ ഓർഡിനേറ്റർ ജോൺ കിർബി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com