'പറഞ്ഞത് വസ്തുത, അന്വേഷണവുമായി സഹകരിക്കണം'; നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ വാദം തളളി ട്രൂഡോ

സിഖ് ഭീകരർക്ക് കാനഡ അഭയം നൽകുന്നുവെന്ന് ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു
'പറഞ്ഞത് വസ്തുത, അന്വേഷണവുമായി സഹകരിക്കണം'; നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ വാദം തളളി ട്രൂഡോ

ഒട്ടാവ: കനേഡിയന്‍ പൗരനായ ഖലിസ്ഥാൻ അനുകൂല നേതാവ് ഹർ‌ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരായ നിലപാട് ആവർത്തിച്ച് കാനഡ. പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധമില്ലെന്ന ഇന്ത്യൻ നിലപാട് തള്ളി. താൻ പറഞ്ഞത് വസ്തുതകളാണ്. അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്നും ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെട്ടു.

ഹർ‌ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാരാണ് എന്ന് തിങ്കളാഴ്ച ട്രൂഡോ ആരോപിച്ചിരുന്നു. എന്നാൽ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങളൊന്നും ട്രൂഡോ നൽകിയിട്ടില്ല. അന്വേഷണം തുടരുന്നതിനാലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിടാത്തത് എന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.

കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ച കാനഡ ഇന്ത്യൻ നയതന്ത്രപ്രതിനിധി പവന്‍ കുമാര്‍ റായിയെ പുറത്താക്കിയിരുന്നു. പിന്നാലെ കനേഡിയൻ നയതന്ത്ര ഉദ്യോ​ഗസ്ഥനെ ഇന്ത്യയും പുറത്താക്കിയിരുന്നു. ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ശേഷമാണ് ഇന്ത്യയുടെ നടപടി. അഞ്ച് ദിവസത്തിനകം ഇന്ത്യ വിട്ടുപോകണമെന്നും അറിയിച്ചു. സിഖ് രാഷ്ട്രമായ ഖലിസ്ഥാൻ രൂപീകരിക്കാൻ വിദേശത്ത് നിന്ന് ഗൂഢാലോചന നടത്തുന്ന സിഖ് ഭീകരർക്ക് കാനഡ അഭയം നൽകുന്നുവെന്ന് ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു.

നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമാണ്. ഖലിസ്ഥാന്‍ അനുകൂലികള്‍ക്ക് കാനഡയില്‍ അഭയം നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിച്ച വിദേശകാര്യ മന്ത്രാലയം കാനഡയുടെ ശ്രമം ഇന്ത്യ അറിയിച്ച ആശങ്കകളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണെന്നും കുറ്റപ്പെടുത്തി. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നതെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ആരോപണം പൂര്‍ണ്ണമായി തള്ളിക്കളയുന്നുവെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com