ലോകനേതാക്കളെത്തുന്നു; ദാരിദ്ര്യം പുറംലോകം അറിയരുത്, തെരുവിലുറങ്ങുന്നവരെ ഒഴിപ്പിച്ച് അമേരിക്ക

ഐക്യരാഷ്ട്ര സഭയുടെ ഹെഡ്ക്വാർട്ടേഴ്സ് പരിസരങ്ങളിലായി നിരവധി പേരാണ് കാർഡ് ബോർഡുകൾകൊണ്ട് മറച്ചും കുട നിവർത്തിവച്ചും ടാർപ്പോളിനുകൾ കെട്ടിയും നിർമ്മാണം നടക്കുന്ന കെട്ടിടങ്ങളുടെ ഷെഡ്ഡുകൾക്ക് കീഴിൽ ചുരുണ്ടുകൂടിയും ജീവിതം കഴിക്കുന്നത്.
ലോകനേതാക്കളെത്തുന്നു; ദാരിദ്ര്യം പുറംലോകം അറിയരുത്, തെരുവിലുറങ്ങുന്നവരെ ഒഴിപ്പിച്ച് അമേരിക്ക

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയുടെ ഉന്നതതല യോഗത്തിന് തൊട്ടുമുമ്പ് ന്യൂയോർക്ക് നഗരം തിരക്കിലാണ്. നഗരത്തിലെ പാതയോരങ്ങളിൽ അന്തിയുറങ്ങുന്ന ഭവനരഹിതരെ ഒഴിപ്പിക്കുകയാണ് അധികൃതർ. ന്യൂയോർക്കിലെത്തുന്ന ലോക നേതാക്കൾ അമേരിക്കയിലെ ജനങ്ങളുടെ ഭവന രഹിത ജീവിതം കാണാതിരിക്കാനും സുരക്ഷ ശക്തമാക്കാനുമാണ് നടപടി.

ഐക്യരാഷ്ട്ര സഭയുടെ ഹെഡ്ക്വാർട്ടേഴ്സ് പരിസരങ്ങളിലായി നിരവധി പേരാണ് കാർഡ് ബോർഡുകൾകൊണ്ട് മറച്ചും കുട നിവർത്തിവച്ചും ടാർപ്പോളിനുകൾ കെട്ടിയും നിർമ്മാണം നടക്കുന്ന കെട്ടിടങ്ങളുടെ ഷെഡ്ഡുകൾക്ക് കീഴിൽ ചുരുണ്ടുകൂടിയും ജീവിതം കഴിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ ഒഴിപ്പിക്കൽ നടപടി പൂർത്തിയായെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക്ക് നഗരത്തിൽ മാത്രം വീടില്ലാത്തവരായി ആയിരക്കണക്കിന് പേരാണുള്ളത്. പാതയോരങ്ങളിൽ കഴിയുന്നവരെ ഒഴിപ്പിക്കുന്നത് എല്ലാ വർഷവും തുടർന്നുപോരുന്ന നടപടിയാണ്.

150 രാജ്യങ്ങളിൽ നിന്നുള്ള പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും നഗരങ്ങളിലെ പ്രധാന ഹോട്ടലുകളിലാണ് താമസിക്കുക. ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായ അമേരിക്കയുടെ ദരിദ്ര ജീവിതം പുറംലോകമറിയാതിരിക്കാനാണ് നടപടിയെന്ന വിമർശനം ഉയരുന്നുണ്ട്. ദരിദ്രരുടെ താമസസ്ഥലങ്ങൾ ന്യൂയോർക്കിൽ ധാരാളമായി ഇടിച്ചുനിരത്തിയതും ഈയടുത്തായാണ്. യുഎൻ ഹെഡ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലമുൾപ്പെട്ട 40 ഹെക്ടർ സ്ഥലം എല്ലാ വർഷവും സെപ്റ്റംബറിൽ ഉന്നതതല യോഗത്തിന്റെ ഭാഗമായി ഇതുപോലെ ലോക്ക്ഡൗൺ ചെയ്യാറുണ്ട്.

ഈ പ്രദേശങ്ങളിൽ കഴിയുന്നവർ വലിയ സുരക്ഷാ പരിശോധനയിലൂടെയാണ് ഈ സമയങ്ങളിൽ കടന്നുപോകുക. ആകാശമാർഗം ഹെലികോപ്റ്ററുകൾ പരിശോധന നടത്തും. പൊലീസും കോസ്റ്റ് ഗാർഡും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റായിരിക്കെ ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ച വേളയിൽ സമാനമായി അഹമ്മദാബാദ് നഗരത്തിലെ ചേരികൾ മതിൽകെട്ടി മറച്ചിരുന്നു. അഹമ്മദാബാദ് നഗരസഭയുടെ ഈ പ്രവർത്തി വലിയ വാർത്തയും വിമർശനവുമായിരുന്നു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള വഴിയിലെ ചേരികളാണ് മതിൽകെട്ടി മറച്ചത്. മോദിയുടെയും ട്രംപിന്റെയും ഒരുമിച്ചുള്ള റോഡ്ഷോ ഇതിലൂടെയായിരുന്നു കടന്നുപോയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com