'റിയോയിലെ ജി20യിൽ പങ്കെടുക്കാൻ പുടിൻ എത്തിയാൽ അറസ്റ്റുണ്ടാകില്ല'; ബ്രസീൽ പ്രസിഡന്റ്

ജി20 ഉച്ചകോടിയിൽ പുടിന് പകരം റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് പങ്കെടുത്തത്
'റിയോയിലെ ജി20യിൽ പങ്കെടുക്കാൻ പുടിൻ എത്തിയാൽ അറസ്റ്റുണ്ടാകില്ല'; ബ്രസീൽ പ്രസിഡന്റ്

റിയോ ഡി ജനീറോ: അടുത്ത വർഷം റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ പങ്കെടുക്കുകയാണെങ്കിൽ അദ്ദേഹം അറസ്റ്റിലാകില്ലെന്ന് ബ്രസീൽ പസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുളള നേതാക്കൾ പങ്കെടുത്തെങ്കിലും പുടിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നിന്നും വ്ളാദിമർ‌ പുടിൻ വിട്ടുനിന്നിരുന്നു. യു​ക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിൽ‌ക്കുന്നതിനാലാണ് പുടിൻ പങ്കെടുക്കാത്തതെന്നാണ് വിവരം.

'അടുത്ത വർഷം ബ്രസീലിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് പുടിനെ ക്ഷണിക്കുന്നു. ഞങ്ങൾ സമാധാനം ആസ്വാദിക്കുന്നവരാണ്. ജനങ്ങളോട് നന്നായി പെരുമാറുന്നതിന് ആ​ഗ്രഹിക്കുന്നു. അതുകൊണ്ട് പുടിന് വളരെ എളുപ്പത്തിൽ ബ്രസീലിലേക്ക് വരാനാകും,' ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു.

താൻ ബ്രസീലിന്റെ പ്രസിഡന്റാണെങ്കിൽ, പുടിൻ ബ്രസീലിലേക്ക് വന്നാൽ അറസ്റ്റ് ചെയ്യപ്പെടില്ല, അതിനൊരു വഴിയുമുണ്ടാകില്ലെന്നും ലുല ഡി സിൽവ പറഞ്ഞു. അടുത്ത വർഷം റഷ്യയിൽ നടക്കുന്ന വികസ്വര രാജ്യങ്ങളുടെ ബ്രിക്‌സ് ഉച്ചകോടിയിൽ താൻ പങ്കെടുക്കുമെന്നും ലുല ഡ സിൽവ കൂട്ടിച്ചേർത്തു.

യുദ്ധം തുടരുന്ന യുക്രെയ്നിൽ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തുന്നുവെന്ന കുറ്റാരോപണത്തിലാണ് പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി വാറന്റ് പുറപ്പെടുവിച്ചത്. എന്നാൽ പുടിനെതിരായ അറസ്റ്റ് വാറന്റ് അസാധുവാണെന്ന് ക്രെംലിൻ വാദിക്കുന്നു. മോസ്കോയും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ഉരസലുകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം ബാലിയിൽ നടന്ന ഉച്ചകോടിയിൽ ഇത് കടുത്ത സംഘർഷത്തിന് കാരണമായിരുന്നു.

ഇന്ത്യയിൽ നടന്ന ഉച്ചകോടിയിൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള സംയുക്ത പ്രസ്താവന നടത്തിയതും റഷ്യക്ക് തലവേദനയാകും. ഇന്ത്യയുടെ ശക്തമായ സമ്മർദത്തിനൊടുവിലാണ് സംയുക്ത പ്രസ്താവനയിൽ സമവായം ഉണ്ടാക്കിയത്. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയുടെ സമ്മർദത്തിനൊപ്പം ബ്രസീൽ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങൾ സമവായ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ലെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ജി20 ഉച്ചകോടിയിൽ പുടിന് പകരം റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് പങ്കെടുത്തത്. ബ്രിക്സ് ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ അതിന്റെ ചില പ്രധാന സെഷനുകളിൽ പങ്കാളിത്തം അറിയിക്കുക മാത്രമാണ് പുടിൻ ചെയ്തത്. അദ്ദേഹത്തിന് തിരക്കുകൾ ഉണ്ട്. പ്രത്യേക സൈനിക ഓപ്പറേഷനാണ് ഇപ്പോഴും ശ്രദ്ധയെന്ന് ജി20 ‌യിൽ പങ്കെടുക്കാത്തതിനെ കുറിച്ച് ക്രെംലിൻ റിപ്പോർട്ട് ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com