

കോട്ടയം: ജെൻസി തലമുറയ്ക്ക് കൃത്യമായ രാഷ്ട്രീയബോധ്യം വേണമെന്ന് പാലാ നഗരസഭയുടെ നിയുക്ത ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം. രാഷ്ട്രീയം നമ്മുടെ നിത്യജീവിതത്തിൽ ഇടപെടൽ നടത്തുന്നുണ്ടെന്നും അത് എല്ലാവരും മനസിലാക്കണമെന്നും ദിയ 'കോഫി വിത്ത് സുജയ പാർവതി'യിൽ പറഞ്ഞു. പാലാ നഗരസഭയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാകും താൻ ഊന്നൽ നൽകുക എന്നും ദിയ വ്യക്തമാക്കി.
'ഈ തലമുറയ്ക്കുൾപ്പെടെ എല്ലാവർക്കും രാഷ്ട്രീയം വേണം. നമ്മളെ ബാധിക്കുന്നില്ല എന്നുപറഞ്ഞ് ഒരിക്കലും മാറിനിൽക്കരുത്. നിലപാടില്ല എങ്കിൽ പോലും നമ്മളെ രാഷ്ട്രീയം ബാധിക്കുന്നുണ്ട് എന്ന് മനസിലാക്കണം. ജെൻസിയുടെ ചിന്താഗതി മാറിയിട്ടുണ്ടാകാം. പക്ഷെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. ദാരിദ്ര്യം ഉണ്ടാകാതെയിരിക്കുക, കുടിവെള്ള വിതരണം, റോഡ് നിർമാണം തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിനായിരിക്കും ഊന്നൽ നൽകുക'; ദിയ പുളിക്കക്കണ്ടം പറഞ്ഞു. പരിചയസമ്പത്തുള്ളവർ കൂടെയുണ്ട് എന്നത് വലിയ ധൈര്യമാണെന്നും പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന്റെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും ദിയ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് 21കാരി ദിയ പുളിക്കക്കണ്ടത്തെ പാലാ നഗരസഭയുടെ ചെയർപേഴ്സൺ ആയി യുഡിഎഫ് പ്രഖ്യാപിച്ചത്. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത പാലാ നഗരസഭയിൽ പുളിക്കക്കണ്ടം കുടുംബത്തിന്റെ നിലപാട് നിർണായകമായിരുന്നു. ബിനുവും മകള്‍ ദിയയും സഹോദരന്‍ ബിജുവും സ്വതന്ത്രരായി മത്സരിച്ചാണ് ഇവിടെ വിജയിച്ചത്.26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10 എന്നതാണ് കക്ഷിനില. നാല് പേര്‍ സ്വതന്ത്ര അംഗങ്ങളാണ്. നീണ്ട ചർച്ചകൾക്ക് ശേഷം യുഡിഎഫിനെ പിന്തുണയ്ക്കാനാണ് പുളിക്കക്കണ്ടം കുടുംബം തീരുമാനിച്ചത്. ഇതോടെ യുഡിഎഫിന് കേവലഭൂരിപക്ഷമായി. ചരിത്രത്തിൽ ആദ്യമായി പാലാ നഗരസഭയിൽ കേരള കോൺഗ്രസ് എം പ്രതിപക്ഷത്തുമായി.
രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷയാകും ദിയ പുളിക്കക്കണ്ടം. കൊണ്ടോട്ടി നഗരസഭയിലെ നിദ ഷഹീറായിരുന്നു ഇതുവരെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ. 26 വയസ്സായിരുന്നു കൊണ്ടോട്ടി നഗരസഭ അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോൾ നിദയുടെ പ്രായം. ഈ റെക്കോർഡാണ് ദിയ തകർക്കുന്നത്.
Content Highlights: Diya Pulikkakandam, Pala Municipal Chairperson, says genz should not distance themselves from politicsContent Highlights: