

ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ എന്ന വാചകം ഇന്ന് നമുക്ക് പരിചിതമായിക്കൊണ്ടിരിക്കുകയാണല്ലോ. അപകടം മൂലമോ ശാരീരിക വൈകല്യം മൂലമോ, ശരീരത്തിന്റെ ചലന ശേഷി കുറഞ്ഞവര്‍ക്ക് നിലവിലെ ജീവിത സാഹചര്യത്തില്‍ നിന്നും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രധാന ശാഖയാണ് പിഎംആര്‍ അഥവാ 'ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍'. രോഗി കേന്ദ്രീകൃതമായ സമഗ്ര ചികിത്സാ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുന്നതിനാല്‍ ഇത് ചികിത്സിക്കുന്ന ഡോക്ടറുടെയോ അല്ലെങ്കില്‍ മറ്റ് ഒന്നോ രണ്ടോ വ്യക്തികളിലോ അധിഷ്ഠിതമായ വിഭാഗമല്ല. അതായത് പി.എം.ആര്‍ ഒരു ഇന്റര്‍ഡിസിപ്പലിനറി ടീം സമീപനമാണ്. ഫിസിയാട്രിസ്റ്റ് (റിഹാബിലിറ്റേഷന്‍ വിദഗ്ദന്‍), ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, പ്രോസ്തറ്റിസ്റ്റ്, ഓര്‍ത്തോട്ടിസ്റ്റ്, റിഹാബിലിറ്റേഷന്‍ നഴ്‌സുമാര്‍, സൈക്കോളജിസ്റ്റ്, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ ടീമിലൂടെയാണ് രോഗികളുടെ ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നത്.

രോഗാവസ്ഥയിലെ പരിചരണം പോലെതന്നെ പിഎംആറിന്റെ മറ്റൊരു പ്രധാനെപ്പട്ട വശംകൂടിയാണ് ഇത്തരം ആളുകളുടെ പുനരധിവാസവും. രോഗികളെ അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ സ്വയം നിറവേറ്റാന്‍ പ്രാപ്തരാക്കുകയും, അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും, ആത്മവിശ്വാസത്തോടെ അവരുടെ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ സഹായിക്കുകയും ചെയ്യുകയാണ് പുനരധിവാസം എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്.
ന്യൂറോ റീഹാബിലിറ്റേഷന്‍
മസ്തിഷ്‌ക സംബന്ധമായ രോഗങ്ങളായ സ്‌ട്രോക്ക്, മസ്തിഷ്‌ക ക്ഷതങ്ങള്‍, പാര്‍ക്കിന്‍സണ്‍സ്, സ്‌പൈനല്‍ കോര്‍ഡ് പരിക്കുകള്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, എന്നീ രോഗാവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ക്ക് പുനരധിവാസം പി.എംആറിലൂടെ സാധ്യമാകുന്നതാണ്.
പെയ്ന്‍ റീഹാബിലിറ്റേഷന്‍
കാലങ്ങളായി വിട്ടുമാറാത്ത സന്ധി വേദന, നടുവിന്റെ വേദന, കഴുത്തു വേദന, പേശികളുടെ ബലഹീനത എന്നിവയാല്‍ ബുദ്ധിമുട്ടുന്നവരെ ലക്ഷ്യംവച്ചുള്ള സമഗ്രമായ ഒരു ചികിത്സയാണ് പെയ്ന്‍ റീഹാബിലിറ്റേഷന്‍.
ആംപ്യൂട്ടേഷന്‍ റീഹാബിലിറ്റേഷന്‍
അവയവം മുറിച്ചുമാറ്റലിന് വിധേയരായ വ്യക്തികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള പുനരധിവാസം നല്‍കുകയാണ് അംപ്യൂട്ടേഷന്‍ റീഹാബിലിറ്റേഷന്‍ ലക്ഷ്യമിടുന്നത്. ഓരോ വ്യക്തിയുടെ രോഗാവസ്ഥയ്ക്ക് അനുസരിച്ചുള്ള വ്യായാമങ്ങള്‍ അത് കൂടാതെ കൃത്രിമ അവയവങ്ങള്‍ ഉപയോഗിച്ചുള്ള വ്യായാമ പരിശീലനങ്ങള്‍ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ലഭ്യമാകുന്നു.

ഓങ്കോ റീഹാബിലിറ്റേഷന്‍ / ക്യാന്‍സര്‍ റീഹാബിലിറ്റേഷന്‍
കാന്‍സര്‍ ചികിത്സയിലൂടെ കടന്നുപോയവര്‍ക്ക് ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ശാരീരിക പ്രവര്‍ത്തനം വീണ്ടെടുക്കാനും സഹായിക്കുന്ന ചികിത്സാരീതിയാണ് ഓങ്കോ റീഹാബിലിറ്റേഷന്‍. കീമോതെറാപ്പിയും റേഡിയോതെറാപ്പിയും പോലുള്ള ചികിത്സകള്‍ പലപ്പോഴും പേശികളിലെ നീര്‍ക്കെട്ട്, തരിപ്പ്, പേശി ബലഹീനത,വീക്കം എന്നിവയ്ക്ക് കാരണമാകാറുണ്ട്. അത്തരം ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് ഡോക്ടറുടെ നേതൃത്വത്തില്‍ അവയുടെ കാരണങ്ങള്‍ മനസ്സിലാക്കി, അതിനനുസരിച്ച് കാര്യക്ഷമമായ ചികിത്സ ലഭ്യമാക്കപ്പെടുന്നു.
ജെറിയാട്രിക് റീഹാബിലിറ്റേഷന്‍
വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട ശാരീരിക ബുദ്ധിമുട്ടുകള്‍, പേശി ബലക്ഷയം, സന്ധിവേദന, പ്രായമായാല്‍ ഉണ്ടാകുന്ന വീഴ്ചകള്‍ എന്നിവ ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം. അത്തരം ശാരീരികമായ പ്രശ്‌നങ്ങളെ ജെറിയാട്രിക് റീഹാബിലിറ്റേഷനിലൂടെ പരിഹരിക്കുകയും അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ സ്വയം നിറവേറ്റാന്‍ പ്രാപ്തരാക്കുകയും ചെയ്യപ്പെടുന്നു.
സ്‌പോര്‍ട്ട്‌സ് ഇഞ്ചുറി റീഹാബിലിറ്റേഷന്‍
കായികാഭ്യാസങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന പരിക്കുകള്‍, വേദനയും വീക്കവും കുറയ്ക്കുന്നതോടൊപ്പം സന്ധികളെ കൂടുതല്‍ ബലപ്പെടുത്തി കായിക പ്രവര്‍ത്തനങ്ങളില്‍ നിന്നും പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

റുമറ്റോളജി റീഹാബിലിറ്റേഷന്‍.
വിവിധ തരത്തിലുള്ള വാത സബന്ധമായ രോഗാവസ്ഥകള്‍ക്കനുസരിച്ചുള്ള ഫിസിക്കല്‍ തെറാപ്പി, സന്ധികളിലേക്കുള്ള ഇഞ്ചക്ഷനുകള്‍, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് മൂലം ഉണ്ടാകുന്ന കൈകാലുകളില്‍ കാണപ്പെടുന്ന വൈകല്യങ്ങള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ ചികിത്സകള്‍
മസ്‌കുലോസ്‌കെലിറ്റല്‍ റീഹാബിലിറ്റേഷന്‍
എല്ല്, സന്ധി, പേശി സംബന്ധമായതും, നട്ടെല്ല്, സന്ധി മാറ്റിവയ്ക്കല്‍ എന്നീ ശാസ്ത്രക്രിയകള്‍ക്ക് വിധേയവരായവര്‍ക്കും തുടങ്ങി എല്ലാവിധ മസ്‌കുലോസ്‌കെലിറ്റല്‍ പ്രശ്നങ്ങള്‍ക്കും പൂര്‍ണമായ പുനരധിവാസം പി.എം.ആര്‍ വഴി സാധ്യമാണ്.
പരിക്കിന് ശേഷമുള്ള ആദ്യ ആഴ്ചകളില്‍ ശാരീരിക പ്രതികരണം മാക്‌സിമം ആയിരിക്കും. ആ കാലയളവില്‍ നല്‍കുന്ന പുനരധിവാസത്തില്‍ അധിഷ്ഠിതമായ ചികിത്സ രോഗി കിടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ളവ ഒരുപക്ഷേ ഒഴിവാക്കാനും പരിക്ക് കാരണം ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ പരമാവധി കുറയ്ക്കുവാനും കഴിയും.
Content Highlights :Follow-up care is available for those with physical disabilities and reduced mobility.