ഗംഭീര്‍ എന്തിനാണ് ഹര്‍ഷിത് റാണയെ ഇത്രധികം പിന്തുണയ്ക്കുന്നത്? വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ താരം

കോച്ച് ഗൗതം ഗംഭീറിന്റെ ‘പെറ്റ് ക്വാട്ട’യിലാണ് ഹർഷിത് ടീമുകളില്‍ കയറിപ്പറ്റുന്നതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞിരുന്നു

ഗംഭീര്‍ എന്തിനാണ് ഹര്‍ഷിത് റാണയെ ഇത്രധികം പിന്തുണയ്ക്കുന്നത്? വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ താരം
dot image

ഇന്ത്യൻ പേസർ ഹർഷിത് റാണയെ കോച്ച് ​ഗൗതം ​ഗംഭീർ എപ്പോഴും പിന്തുണയ്ക്കുന്നതിന്റെ പേരിൽ‌ വലിയ വിമർ‌ശനങ്ങളാണ് ഉയരുന്നത്. വേണ്ടത്ര ഇംപാക്ട് സൃഷ്ടിക്കാൻ സാധിക്കാൻ കഴിയാത്ത ഹർഷിത്തിന് മൂന്ന് ഫോർമാറ്റുകളിലും മികച്ച പിന്തുണയാണ് ​ഗംഭീർ നൽകുന്നതെന്നാണ് ആരോപണം. കോച്ച് ഗൗതം ഗംഭീറിന്റെ ‘പെറ്റ് ക്വാട്ട’യിലാണ് ഹർഷിത് ടീമുകളില്‍ കയറിപ്പറ്റുന്നതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞിരുന്നു.

ഇപ്പോഴിതാ ഹർഷിത് റാണയെ എന്തുകൊണ്ടാണ് ​ഗംഭീർ ഇത്രധികം പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ‌ റോയൽസ് താരം സന്ദീപ് ശർമ. റാണയെ തിരഞ്ഞെടുക്കുന്നത് വികാരത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് വ്യക്തമായിട്ടുള്ള ദീർഘകാല പദ്ധതികളുടെ അടിസ്ഥാനത്തിലാണെന്നും ടോക്ക് വിത്ത് മാനവേന്ദ്രയിൽ സന്ദീപ് വിശദീകരിച്ചു. ഒരു താരത്തെ സെലക്ടർമാർ തിരിച്ചറിഞ്ഞാൽ‌ അടുത്ത ഘട്ടം ആ പ്രതിഭയ്ക്ക് പക്വത പ്രാപിക്കാൻ മതിയായ സമയം നൽകുക എന്നതാണെന്നും സന്ദീപ് ശർമ തുറന്നുപറഞ്ഞു.

'ഒരു കളിക്കാരന്റെ കഴിവിനെയോ പ്രതിഭയെയോ തിരിച്ചറിഞ്ഞാൽ അത് വളർത്തിയെടുക്കാൻ സെലക്ടർമാർ മതിയായ സമയം നൽകും. അതാണ് ഹർഷിത് റാണയുടെ കാര്യത്തിൽ സംഭവിച്ചത്. അദ്ദേഹം മികച്ച വേ‌​ഗതയിൽ പന്തെറിയുന്നു, നല്ല ഉയരമുണ്ട്, ശക്തമായ ശരീരഘടനയുണ്ട്. കുറച്ച് വർഷങ്ങൾ നൽകിയാൽ അദ്ദേഹത്തിന് വളരെ മികച്ച ഒരു ബോളറായി മാറാൻ കഴിയും', സന്ദീപ് പറഞ്ഞു.

മുഹമ്മദ് ഷമി, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ തുടങ്ങിയവരെ ഒഴിവാക്കിയ ഓസ്ട്രേലിയയ്ക്കെതിരായ 15 അംഗ ഏകദിന ടീമില്‍ വരെ ഹർഷിത് റാണ ഉൾപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ജേതാക്കളായ ഏകദിന ടീമിലും ഹർഷിത് ഉണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഏഷ്യാ കപ്പ് ട്വന്റി20 ടീമിലും ഹർഷിത് സ്ഥാനം പിടിച്ചു. ഇതോടെ മൂന്നു ഫോർമാറ്റുകളിലും പരിഗണിക്കപ്പെടുന്ന ചുരുക്കം താരങ്ങളിൽ ഒരാളായി ഹർഷിത് മാറി. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

Content Highlights: Why does Gautam Gambhir back Harshit Rana? Sandeep Sharma explains

dot image
To advertise here,contact us
dot image