

ലൈസന്‍സില്ലാതെ വിദേശ കറന്‍സികള്‍ വിനിമയം ചെയ്യുന്നവര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നിന് പുതിയ നിയമവുമായി കുവൈത്ത് ഭരണകൂടം. രാജ്യത്ത് സാമ്പത്തിക ക്രയവിക്രയങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വാണിജ്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. പണമിപാടുകള്‍ കൂടുതല്‍ സുഗമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിയമ ലംഘകര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നല്‍കി.
അംഗീകാരമില്ലാത്ത പ്രദേശിക, വിദേശ കറന്‍സികള്‍ വാങ്ങുകയോ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് പുതിയ കരട് നിയമം വ്യക്തമാക്കുന്നു. ആറ് മാസം വരെ തടവും 2000 റിയാല്‍ വരെ പിഴയുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. നിയമവിരുദ്ധ ഇടപാടുകള്‍ക്കായി ഉപയോഗിച്ച കറന്‍സികളും ഉപകരണങ്ങളും കണ്ടുകെട്ടാന്‍ കോടതിക്ക് ഉത്തരവിടാനാകും. മന്ത്രി സഭയുടെ അംഗീകാരത്തിന് പിന്നാലെ കരട് നിയമം അമീറിന് സമര്‍പ്പിച്ചു. അമീറിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ നിയമം രാജ്യത്ത് നടപ്പിലാക്കാനാണ് തീരുമാനം. പുതിയ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ രാജ്യത്ത് പരിശോധന ശക്തമാക്കി.
അതിനിടെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയില്‍ കള്ളനോട്ട് റാക്കറ്റ് പിടിയിലായി. അറബ് പൗരന്മാരടങ്ങിയ സംഘം രാജ്യത്ത് ദശലക്ഷക്കണക്കിന് വ്യാജ യുഎസ് ഡോളര്‍ കടത്തുകയും വിതരണം ചെയ്യുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. മറ്റൊരു രാജ്യത്താണ് വ്യാജനോട്ടുകള്‍ നിര്‍മിച്ചിരുന്നത്. വ്യാജ യുഎസ് ഡോളര്‍ 50 ശതമാനത്തിലേറെ ഇളവില്‍ വില്‍പ്പന നടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് സംഘം പിടിയിലായത്. ലക്ഷക്കണക്കിന് യുഎസ് ഡോളറിന്റെ കള്ളനോട്ടുകളും പിടിച്ചെടുത്തു. പ്രാദേശിക വിപണിയില്‍ ഇവ എത്തിച്ച് ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നഷ്ടം വരുത്തുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Content Highlights: Kuwait: New Law Imposes Harsh Penalties for Unlicensed Currency Exchange