

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 92,000 രൂപയായാണ് ഉയർന്നത്. കഴിഞ്ഞ ദിവസത്തെക്കാൾ 280 രൂപയാണ് പവന് വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11, 500 രൂപയാണ്. അതേസമയം പതിനെട്ട് കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 75, 272 രൂപയും 24കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,00, 368 രൂപയുമാണ് വില.
കഴിഞ്ഞ ദിവസം സ്വർണവില പവന് അറുന്നൂറ് രൂപ കുറഞ്ഞ് 91, 720 രൂപയായിരുന്നു. ഇതിന് മുമ്പ് രണ്ടുതവണ സ്വർണവിലയിൽ ഇടിവുണ്ടായി. എന്നാൽ വീണ്ടും സ്വർണവിലയിൽ ചെറിയൊരു ഉയർച്ച ഉണ്ടായിരിക്കുകയാണ്. ആഴ്ചയുടെ തുടക്കത്തിൽ സ്വർണവില ഒരുലക്ഷം കടക്കുമെന്നായിരുന്നു വിലയിരുത്തൽ. അതിവേഗതയിൽ കുതിച്ച് കയറിയിരുന്ന സ്വർണ വില ഇപ്പോൾ നേരിയ നിലയിൽ കൂടുതലും കുറവും കാണിച്ച് ചാഞ്ചാടി കളിക്കുകയാണ്.
സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് ആശങ്കയും സ്വർണാഭരണം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായിരുന്ന പോയ രണ്ടുദിവസത്തെ സ്വർണവിലയിലെ വലിയ ഇടിവ്. രാജ്യാന്തര വിപണയിൽ വില നിലപൊത്തിയത് ഇവിടെയും പ്രതിഫലിക്കുന്നതാണ് കണ്ടത്. വില ഔൺസിന് 4,381 ഡോളർ എന്ന റെക്കോർഡിൽ നിൽക്കുമ്പോഴാണ് 4,009.80 ഡോളറിലേക്ക് പൊടുന്നനെ രണ്ടുദിവസം മുമ്പ് കൂപ്പുകുത്തിയത്. 2013ന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഏകദിന തകർച്ചയായിരുന്നു ഇത്.
യൂറോ, യെൻ, പൗണ്ട് തുടങ്ങിയ ലോകത്തെ മുൻനിര കറൻസികൾക്കെതിരെ യുഎസ് ഡോളർ ഇൻഡക്‌സ് ശക്തിപ്രാപിച്ചതോടെ സ്വർണം വാങ്ങുന്നതിനുള്ള ചിലവ് വർദ്ധിച്ചു, ഇസ്രയേൽ ഹമാസ് വെടിനിർത്തൽ ധാരണ, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണത്തെ കുറിച്ചുള്ള ധാരണ മായുന്ന സാഹചര്യം, യുഎസ് ചൈന വ്യാപാരയുദ്ധം അവസാനിച്ചേക്കുമെന്ന വിലയിരുത്തലെല്ലാം സ്വർണവില വർധനവിന് കടിഞ്ഞാൺ ഇട്ടിരുന്നു. സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടമാണ് നിലവിൽ ദൃശ്യമാകുന്നതെന്നാണ് വിലയിരുത്തൽ.
Content Highlights: Todays Gold price sees a little hike than yesterday