ദീപാവലി ആഘോഷം വിപുലമാക്കാൻ തയ്യാറെടുത്ത് ദുബായ്; തയ്യാറെടുപ്പുകൾ പുരോ​ഗമിക്കുന്നു

ഈ മാസം 17 മുതല്‍ 26 വരെ നീളുന്ന ആഘോഷങ്ങളില്‍ ദുബായിലെ വ്യാപാര സ്ഥാപനങ്ങളും വിനോദ കേന്ദ്രങ്ങളും പങ്കാളികളാകും

ദീപാവലി ആഘോഷം വിപുലമാക്കാൻ തയ്യാറെടുത്ത് ദുബായ്; തയ്യാറെടുപ്പുകൾ പുരോ​ഗമിക്കുന്നു
dot image

വിപുലമായ ദീപാവലി ആഘോഷത്തിന് തയ്യാറെടുത്ത് ദുബായ്. ദീപാവലിയുടെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളാകും ദുബായിലുടനീളം സംഘടിപ്പിക്കുക. ആകര്‍ഷകമായ ഓഫറുകളുമായി വ്യാപാര സ്ഥാപനങ്ങളും സജീവമാണ്. ഇന്ത്യക്കാരുടെ ഏറ്റവും പ്രധാന ആഘോഷമായ ദീപാവലിക്കായി ദുബായ് ഇക്കോണമി ആന്‍ഡ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നത്.

ഈ മാസം 17 മുതല്‍ 26 വരെ നീളുന്ന ആഘോഷങ്ങളില്‍ ദുബായിലെ വ്യാപാര സ്ഥാപനങ്ങളും വിനോദ കേന്ദ്രങ്ങളും പങ്കാളികളാകും. ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റും കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയും ചേര്‍ന്നു നടത്തുന്ന പരിപാടിയുടെ ഭാഗമായി വമ്പന്‍ ഓഫറുകളും വിലക്കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായുടെ ആഘോഷ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് ദീപാവലിയെന്ന് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിങ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫെറാസ് പറഞ്ഞു.

ഒത്തുചേരലിന്റെയും സാമൂഹിക ഐക്യത്തിന്റെയും ആഹ്ലാദം പങ്കിടലിന്റെയും ഉല്‍സവമായാണ് ദീപാവലി ആഘോഷിക്കുന്നത്. ഇവിടെയുള്ളവരെയും സന്ദര്‍ശകരെയും ഒരുപോലെ ഈ ആഘോഷത്തിലേക്കു സ്വീകരിക്കാന്‍ ദുബായ് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി വിപുലമായ വെടിക്കെട്ടും രാജ്യത്തുടനീളം സംഘടിപ്പിക്കും. 17ന് അല്‍ സീഫിലും 17,18, 24, 25 തീയതികളില്‍ ഗ്ലോബല്‍ വില്ലേജിലും നടക്കുന്ന വെടിക്കെട്ട് കാണികള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കും.

ഘോഷയാത്ര, ശില്‍പശാല, സംഗീത പരിപാടി, സ്റ്റാന്‍ഡ് അപ് കോമഡി തുടങ്ങിയ പരിപാടികള്‍ ആസ്വദിക്കാനും ജനങ്ങള്‍ക്ക് അവസരം ഉണ്ടാകും. ദീപാവലിയുടെ കഥ പറയുന്ന നാടകം 25, 26 തീയതികളില്‍ ദുബായ് ഫെസ്റ്റിവല്‍ പ്ലാസയില്‍ അരങ്ങേറും. 17 മുതല്‍ 20വരെ ഗ്ലോബല്‍ വില്ലേജില്‍ വെളിച്ചത്തിന്റെ ഉത്സവം നടക്കും. രംഗോലി പെയ്ന്റിങ്, കലാപരിപാടികള്‍, വെടിക്കെട്ട്, ഇന്ത്യന്‍ പവിലിയനിലെ ദീപാവലി മേള അങ്ങനെ ഒരുപിടി പരിപാടികളാണ് ഇവിടെ ഒരുക്കുക.

Content Highlights: Dubai gears up to celebrate festival of lights

dot image
To advertise here,contact us
dot image