
ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. അടുത്ത വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ സൂപ്പർ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ഓസ്ട്രേലിയൻ ആരാധകരെ ഞെട്ടിച്ചു.
ടെസ്റ്റ് ക്രിക്കറ്റിനാണ് താൻ ഇനി പ്രാധാന്യം കൊടുക്കുന്നതെന്നും ടി20 ക്രിക്കറ്റിലെ ഓരോ നിമിഷങ്ങളും ആസ്വദിച്ചിരുന്നുവെന്നും സ്റ്റാർക്ക് പറഞ്ഞു. 2021 ൽ ഓസീസ് ടി20 ലോക കിരീടമണിയുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു സ്റ്റാർക്ക്.
35 കാരനായ താരം ഓസ്ട്രേലിയക്കായി 65 ടി20 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ടി20 ഫോർമാറ്റിൽ 79 വിക്കറ്റുകളാണ് സ്റ്റാർക്കിന്റെ സമ്പാദ്യം. സമകാലിക ക്രിക്കറ്റിൽ ഓസീസിന്റെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് മിച്ചൽ സ്റ്റാർക്ക്.
2023 ൽ ഓസീസ് ലോകകിരീടമണിയുമ്പോൾ ജോഷ് ഹേസൽവുഡിനൊപ്പം ടീമിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തായിരുന്നു താരം.
ഓസീസ് ജേഴ്സിയിൽ 100 ടെസ്റ്റ് മത്സരങ്ങളിലും 127 ഏകദിന മത്സരങ്ങളിലും താരം കളത്തിലിറങ്ങി. ടെസ്റ്റിൽ 402 വിക്കറ്റും ഏകദിനത്തിൽ 244 വിക്കറ്റുമാണ് സമ്പാദ്യം.