ലോകയുടെ ഫസ്റ്റ് ഹാഫ് പറഞ്ഞു നിർത്തിയപ്പോൾ മമ്മൂക്ക വന്നു, കഥ കഴിഞ്ഞപ്പോൾ തന്നെ ദുൽഖർ ഒക്കെയായി; ഡൊമിനിക്

കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം നടക്കുമ്പോൾ ദുൽഖറിനോട് സിനിമ പുരോഗമിക്കുന്നതായി പറഞ്ഞിരുന്നു. എന്തുകൊണ്ട് നമ്മുക്ക് ഈ സിനിമ ചെയ്തൂടാ എന്നാണ് ദുൽഖർ അന്ന് ചോദിച്ചത്

ലോകയുടെ ഫസ്റ്റ് ഹാഫ് പറഞ്ഞു നിർത്തിയപ്പോൾ മമ്മൂക്ക വന്നു, കഥ കഴിഞ്ഞപ്പോൾ തന്നെ ദുൽഖർ ഒക്കെയായി; ഡൊമിനിക്
dot image

കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം 'ലോക' തിയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ എഴുത്തിനും മേക്കിങ്ങിനും വിഎഫ്എക്സിനുമെല്ലാം കയ്യടി ലഭിക്കുന്നുണ്ട്. ദുൽഖറിന്റെ വേഫേറർ ഫിലിംസ് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. ഇപ്പോഴിതാ ദുൽഖറിനോട് സിനിമയുടെ കഥ പറയാൻ പോയ അനുഭവം പറയുകയാണ് ഡൊമിനിക് അരുൺ. രണ്ടു ദിവസം എടുത്താണ് സിനിമയുടെ കഥ പൂർത്തിയാകിയതെന്ന് ഡൊമിനിക് പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'പല സ്ഥലത്ത് കഥ പറയാൻ പോയിരുന്നു. അധികം ആരും നോ പറഞ്ഞിട്ടില്ല. കഥ ഇഷ്ടമായിരുന്നു,പക്ഷെ സിനിമയുടെ ബജറ്റ് സംബന്ധിച്ച കൺഫ്യൂഷൻ ഉണ്ടായിരുന്നു എല്ലാർക്കും. കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം നടക്കുമ്പോൾ ദുൽഖറിനോട് സിനിമ പുരോഗമിക്കുന്നതായി പറഞ്ഞിരുന്നു. എന്തുകൊണ്ട് നമ്മുക്ക് ഈ സിനിമ ചെയ്തൂടാ എന്നാണ് ദുൽഖർ അന്ന് ചോദിച്ചത്. അതിന് ശേഷം ആരോടും കഥ പറഞ്ഞില്ല.

ദുൽഖറിനോട് കഥ പറഞ്ഞത് രണ്ട് തവണ ആയിട്ടാണ്. വീട്ടിൽ പോയാണ് കഥ പറയുന്നത്. ഫസ്റ്റ് ഹാഫ് ശരിക്കും ഈ പടത്തിന്റെ വേൾഡ് ബിൽഡിംഗാണല്ലോ. അപ്പോൾ പതിയെ ഇതിന്റെ കഥ പറഞ്ഞ് സ്ലോ ബേർണായി വന്ന് ഇന്റർവെല്ലിലാണ് അതിന്റെ പീക്കിലെത്തുന്നത്. ഇന്റർവെൽ വരെ പറഞ്ഞ് നിർത്തിയപ്പോഴേക്കും ദുൽഖർ ഓക്കെയായി. പുള്ളിക്ക് ഈ കഥ വർക്കായി എന്ന് അപ്പോൾ എനിക്ക് മനസിലായി.

ആ സമയത്ത് മമ്മൂക്ക തൊട്ടടുത്ത റൂമിൽ നിന്ന് വന്നു. 'എനിക്ക് എന്റെ മകന്റെ കൂടെ ഭക്ഷണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്' എന്ന് പറഞ്ഞു.

എന്നാൽ പിന്നെ ഞാനിനി ഇവിടെ ഇരിക്കണ്ടല്ലോ എന്ന ചിന്ത വന്നു. ദുൽഖർ വല്ലപ്പോഴുമൊക്കെയേ വീട്ടിൽ വരുള്ളൂ എന്ന് അറിയാം. അപ്പോൾ അത് ഞാൻ ഇല്ലാതാക്കണ്ട എന്ന് വിചാരിച്ച് അവിടെ നിന്ന് ഇറങ്ങി. തൊട്ടടുത്ത ദിവസമാണ് സെക്കന്റ് ഹാഫ്‌ കഥ കേട്ടത്. ഓർമയുണ്ടാകുമോ എന്ന സംശയം ഉണ്ടായിരുന്നു. പക്ഷെ ദുൽഖറിന് എല്ലാം ഓർമയുണ്ടായിരുന്നു. കഥ പറഞ്ഞു കഴിജപ്പോൾ തന്നെ പുള്ളി ഓക്കേ ആയിരുന്നു,' ഡൊമിനിക് അരുൺ പറഞ്ഞു.

അതേസമയം, ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനുമായി ലോക മുന്നേറുകയാണ്. ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്. റിലീസ് വീക്കെന്‍ഡ് കളക്ഷനില്‍ ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയർന്ന നേട്ടമാണ് ഇത്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

Content Highlights:  Dominic talks about Dulquer's entry into lokah cinema

dot image
To advertise here,contact us
dot image