ഇത് മെസി വരില്ലെന്ന് ആഘോഷിച്ചവർക്കും കൂറ്റനാട് ഒബാമ വരുമെന്ന് പരിഹസിച്ചവർക്കും സമർപ്പിക്കുന്നു: എംബി രാജേഷ്

മെസിയുടേയും സംഘത്തിന്റെയും വരവറിയിച്ചുള്ള അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം

dot image

തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തിലേക്ക് എത്തുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. മെസി വരില്ലെന്ന് ആഘോഷിച്ചവര്‍ക്കും കൂറ്റനാട് ഒബാമ വരുമെന്ന് പരിഹസിച്ചവര്‍ക്കും സമർപ്പിക്കുന്നുവെന്ന് പറഞ്ഞ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് മന്ത്രി ഷെയർ ചെയ്തു.

മെസി മാത്രമല്ല, ഇനിയും പലരും വരുമെന്നും ഇത് ടീം എല്‍ഡിഎഫാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കായിക മന്ത്രി വി അബ്ദുറഹിമാനും റിപ്പോര്‍ട്ടര്‍ ടിവിക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

2024 സെപ്തംബര്‍ 24നാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് തങ്ങള്‍ക്കായി ആര്‍ത്തുവിളിച്ച കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് അര്‍ജന്റീനയുടെ ദേശീയ ടീം കേരളത്തിലെത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുറഹിമാന്‍ അന്ന് വ്യക്തമാക്കിയിരുന്നു. ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അര്‍ജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്. വലിയ സാമ്പത്തിക ബാധ്യത വരുന്ന ഈ ഉദ്യമത്തിന് സര്‍ക്കാര്‍ സ്‌പോണ്‍സര്‍മാരെ അന്വേഷിച്ചതോടെയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോണ്‍സര്‍ ആയി നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതു പ്രകാരം, 2024 ഡിസംബര്‍ 20ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കരാറില്‍ ഒപ്പിട്ടു. എന്നാല്‍ 2025 മെയ് മാസത്തോടെ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തില്ലെന്ന നിലയിലുള്ള പ്രചാരണം ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയിരുന്നു. ഫിഫ പുറത്തുവിട്ട ഫുട്‌ബോള്‍ വിന്‍ഡോയെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഈ പ്രചാരണങ്ങള്‍. അപ്പോഴും മെസി കേരളത്തിലേക്ക് വരുന്നതില്‍ തടസ്സങ്ങളില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ ജൂണ്‍ ആറിന് അര്‍ജന്റീന ടീം കേരളത്തിലേക്ക് എത്തുമെന്ന പ്രഖ്യാപനവുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ വീണ്ടും എത്തി. 'മെസി വരും ട്ടാ' എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഇതിന് സോഷ്യല്‍ മീഡിയില്‍ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മെസിയേയും ടീമിനേയും കേരളത്തിലേയ്ക്ക് എത്തിക്കാന്‍ പരിശ്രമിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും മെസി വരില്ലെന്ന പ്രചാരണം കൊഴുത്തു. മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചുവെന്ന നിലയിലായിരുന്നു പ്രചാരണം. എന്നാല്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഈ പ്രചാരണം തള്ളി രംഗത്തെത്തിയിരുന്നു. നല്ലൊരു ഫുട്ബോള്‍ സ്റ്റേഡിയം ഇല്ലാത്ത കേരളത്തില്‍ മെസി എങ്ങനെ കളിക്കുമെന്നായിരുന്നു അജണ്ട നിശ്ചയിച്ച് ചില വിശകലന വിദഗ്ധര്‍ ഈ ഘട്ടത്തില്‍ പ്രതികരിച്ചത്. മെസി എത്തുമെന്ന് സര്‍ക്കാരും സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡും കളവ് പ്രചരിച്ചുവെന്ന നിലയില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ ഘട്ടത്തില്‍ വീണ്ടും പ്രചാരണം നടത്തുകയായിരുന്നു.

മെസിയും സംഘവും കേരളത്തിലേയ്ക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന അഭ്യൂഹങ്ങളോട് ആ ഘട്ടത്തിലും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കൃത്യമായി പ്രതികരിച്ചു. വാര്‍ത്താ സമ്മേളനം വിളിച്ചാണ് കമ്പനി എം ഡിയും റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ വ്യക്തത വരുത്തിയത്. മെസി വരില്ലെന്ന് ആരെങ്കിലും ഔദ്യോഗികമായി പറഞ്ഞോ?, അവര്‍ കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിക്കട്ടെ എന്നായിരുന്നു ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കിയത്. റിപ്പോര്‍ട്ടര്‍ ടിവി എഗ്രിമെന്റ് വെച്ച കാലം മുതല്‍ മെസി വരില്ലെന്നാണ് പറയുന്നത്. നമ്മള്‍ എടുത്ത ഇനിഷ്യേറ്റീവിനെ ബഹുമാനിക്കണം. മെസിയും സംഘവും വരില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും ആന്റോ അഗസ്റ്റിന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് ശേഷം മെസി വരില്ലെന്ന മാധ്യമ പ്രചാരണങ്ങള്‍ക്ക് അയവുവന്നു. ഏറ്റവും ഒടുവില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ തന്നെ മെസിയുടെ വരവ് സ്ഥിരീകരിച്ചിരിക്കുകയാണ്.

Content Highlights: MB Rajesh about lionel messi kerala visit argentina football association announcement

dot image
To advertise here,contact us
dot image