സൂര്യയ്ക്ക് പകരം സഞ്ജയ് രാമസ്വാമി ആകേണ്ടിയിരുന്നത് അജിത്, നടക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി സംവിധായകന്‍

ആ സമയത്ത് സിക്‌സ് പാക്ക് എന്ന കോൺസെപ്റ്റ് പോലും ആർക്കും അറിയില്ലായിരുന്നു. അജിത് സാർ പറഞ്ഞിട്ടാണ് സിക്സ് പാക്കിനെക്കുറിച്ച് എനിക്ക് മനസിലായത്

dot image

നടൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മുരുകദോസ് സംവിധാനത്തിലെത്തിയ ഗജിനി. 2005ൽ പുറത്തിറങ്ങിയ ചിത്രം വൻ ഓളമാണ് ഉണ്ടാക്കിയത്. ഇന്നും സിനിമയ്ക്ക് ആരാധകർ ഏറെയാണ്. ആമിർ ഖാനെ നായകനാക്കി ഹിന്ദിയിൽ ഗജിനി റീമേക്ക് ചെയ്തിരുന്നപ്പോഴും സിനിമ വമ്പൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ സൂര്യയ്ക്ക് പകരം ആദ്യം സിനിമയിൽ തീരുമാനിച്ചിരുന്നത് അജിത് കുമാറിനെ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ മുരുകദോസ്. ശിവകാർത്തികേയനെ നായകനാക്കി മുരുകദോസ് സംവിധാനം ചെയ്യുന്ന മദ്രാസിയുടെ പ്രമോഷണൽ അഭിമുഖത്തിലാണ് പ്രതികരണം.

'ദീനക്ക് ശേഷം അതിന്റെ സെക്കൻഡ് പാർട്ട് ആയി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. രമണ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് മിരട്ടൽ എന്ന കഥ എന്റെ മനസിൽ വന്നത്. അജിത് സാറിനെ നായകനാക്കി ഞാൻ പ്ലാൻ ചെയ്ത മിരട്ടൽ എന്ന സിനിമയാണ് പിന്നീട് ഗജിനിയായി മാറിയത്. ജീ എന്ന സിനിമയുടെ ലൊക്കേഷനിൽ ചെന്ന് ഞാൻ അജിത് സാറിനെ കണ്ട് കഥ പറഞ്ഞു.

കഥ കേട്ട കഴിഞ്ഞതും 'ഈ സിനിമയിലെ നായികക്ക് എന്തായാലും നല്ല പേര് കിട്ടും' എന്ന് അജിത് സാർ പറഞ്ഞു. 'ഈ സിനിമക്ക് വേണ്ടി ഞാൻ സിക്‌സ് പാക്ക് ഉണ്ടാക്കാം' എന്നും അദ്ദേഹം പറഞ്ഞു. സത്യം പറഞ്ഞാൽ ആ സമയത്ത് സിക്‌സ് പാക്ക് എന്ന കോൺസെപ്റ്റ് പോലും ആർക്കും അറിയില്ലായിരുന്നു. അജിത് സാർ പറഞ്ഞിട്ടാണ് സിക്സ് പാക്കിനെക്കുറിച്ച് എനിക്ക് മനസിലായത്.

അതിന് ശേഷം ആ സിനിമയുടെ ഷൂട്ട് തുടങ്ങി. എന്നാൽ ഒരേ സമയം ഒരുപാട് സിനിമകളുടെ ഷൂട്ട് അജിത് സാറിനുണ്ടായിരുന്നു. അട്ടഹാസം എന്ന സിനിമക്ക് ശേഷം നാൻ കടവുൾ എന്ന പടത്തിന് വേണ്ടി അദ്ദേഹം മുടി നീട്ടി വളർത്തിയുന്നു. ഈ പടത്തിലാണെങ്കിൽ മൊട്ടയടിച്ച ഗെറ്റപ്പാണ്. അപ്പോൾ പ്രയാസമാണ്. അതുകൊണ്ട് ഈ സിനിമയിൽ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു', മുരുകദോസ് പറഞ്ഞു.

അജിത്തിനെ നായകനാക്കിക്കൊണ്ടുള്ള മിരട്ടലിന്റെ ഷൂട്ട് രണ്ട് ദിവസം മാത്രമേ നടന്നുള്ളൂവെന്ന് മുരുകദോസ് പറഞ്ഞു. എന്നാൽ ആ രണ്ട് ദിവസത്തെ ഷൂട്ട് ഗജിനിയുടെ കാര്യത്തിൽ തനിക്ക് ഒരുപാട് സഹായമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ജയ് രാമസ്വാമിയെന്ന കഥാപാത്രമായി അദ്ദേഹം രണ്ട് ദിവസം അഭിനയിച്ച ഫുട്ടേജ് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്ന് മുരുകദോസ് പറഞ്ഞു.

content highlights: A R Murugadoss says Ajith Kumar was the first choice for Ghajini

dot image
To advertise here,contact us
dot image