
ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. യൂണിവേഴ്സിലെ വാർ 2 തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എന്നാൽ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിട്ടില്ല. മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 80 കോടി നൽകിയാണ് സിനിമയുടെ തെലുങ്ക് പതിപ്പ് നാഗ വംശി സ്വന്തമാക്കിയിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബോക്സ് ഓഫീസിലെ സിനിമയുടെ തകർച്ച കണക്കിലെടുത്ത് യഷ് രാജ് ഫിലിംസ് നാഗ വംശിയ്ക്ക് നഷ്ടപരിഹാരം നൽകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്.
22 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്നാണ് നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം വാർ 2 100 കോടിയിലധികം നേടുമെന്ന് നിർമ്മാതാവ് ഉറപ്പിച്ചിരുന്നു, എന്നാൽ ഈ പ്രതീക്ഷകൾ അസ്ഥാനത്താക്കിയായിരുന്നു സിനിമയുടെ പ്രകടനം. 300 കോടിയ്ക്ക് മുകളിൽ ബജറ്റ് വന്ന സിനിമ തിയേറ്ററുകളിൽ ഇഴയുന്ന കാഴചയാണ് ഉള്ളത്.
അതേസമയം, സിനിമയുടെ വി എഫ് എക്സ് നിരാശയാണെന്നും എന്നാൽ സിനിമയുടെ ക്ലൈമാക്സ് മികച്ചു നിൽക്കുന്നുണ്ടെന്നും ആരാധകർ പറയുന്നു. സിനിമയിലെ ചില സീനുകൾക്ക് ട്രോളും ലഭിക്കുന്നുണ്ട്. സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് ആരാധകർ പറയുന്നത്. എന്നാൽ ഹൃതിക് റോഷൻ എൻ ടി ആർ ഫൈറ്റ് സീനുകൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തിയേറ്ററിൽ നിന്നുള്ള ആരാധകരുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
ചിത്രത്തിലെ ജൂനിയർ എൻടിആറിന്റെ സിക്സ് പാക്ക് സീനിന് വലിയ തോതിൽ ട്രോളുകൾ ലഭിക്കുന്നുണ്ട്. സിനിമയിലെ ജൂനിയർ എൻടിആറിന്റെ ഇൻട്രോ സീനിൽ നടൻ തന്റെ സിക്സ് പാക്കുമായിട്ടാണ് എത്തുന്നത്. എന്നാൽ ഈ സിക്സ് പാക്ക് വിഎഫ്എക്സ് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സിനിമാപ്രേമികൾ. ഈ സീനിൽ നടന്റെ തല വെട്ടിയൊട്ടിച്ചതാണെന്നും ഇത് മോശമായി പോയി എന്നാണ് കമന്റുകൾ. ഇതിലും ഭേദം ആദിപുരുഷാണെന്നും പലരും തമാശരൂപേണ എക്സിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
നായകന്മാരാകുമ്പോൾ സിക്സ് പാക്ക് വേണമെന്ന് എന്തിനാണ് നിർബന്ധം പിടിക്കുന്നതെന്നും ഇത്തരം സ്റ്റീരിയോടൈപ്പുകളെ എന്തിനാണ് പ്രൊമോട്ട് ചെയ്യുന്നതെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. സ്പൈ യൂണിവേഴ്സിലെ ഏറ്റവും മോശം സിനിമയാണ് ഇതെന്നും രണ്ട് സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും ചിത്രത്തിന് അവരെ വേണ്ടവിധത്തിൽ ഉപയോഗിക്കാനായില്ല എന്നും പലരും കുറിക്കുന്നുണ്ട്.
Content Highlights: Producers ready to pay compensation for War 2