മാര്യേജിനോട് 'നോ' പറഞ്ഞ് ഇന്ത്യൻ വനിതകൾ! പിന്നിൽ 'യമണ്ടൻ' കാരണങ്ങളുണ്ട്!

ഇന്ത്യൻ സ്ത്രീകൾ ഇപ്പോൾ ധൈര്യത്തോടെ വിവാഹത്തോട് നോ പറയുകയാണ്

dot image

ഇന്ത്യയിൽ പിറന്നൊരു സ്ത്രീക്ക് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പായിരുന്നു ഒരു കാലം വരെ വിവാഹം എന്നത്. എന്നാൽ ഇന്ന് ധൈര്യത്തോടെ വിവാഹത്തോട് നോ പറയാൻ സ്ത്രീകൾ പ്രാപ്തരായി കഴിഞ്ഞു. എന്തുകൊണ്ട് കുടുംബക്കാരൊക്കെ അത്രയും നിർബന്ധിച്ചിട്ടും ഒറ്റപ്പെടുത്തിയിട്ടും ഭയപ്പെടാതെ സ്ത്രീകൾ വിവാഹം വേണ്ടെന്ന് വയ്ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരവും ഉണ്ട്. ഇന്ന് വിവാഹം എന്നാൽ എന്താണെന്ന ഉത്തമ ബോധം ഇന്ത്യൻ വനിതകൾക്കുണ്ട്. വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം അയാളുടെ വീട്ടിലെത്തി കഴിഞ്ഞാൽ, പിന്നെ അവൾ അവളല്ല.. അവളുടെ പേര് മാഞ്ഞ് പോകും… സ്വപ്‌നങ്ങൾക്ക് മങ്ങലേൽക്കും. മറ്റുള്ളവരുടെ സുഖവും സന്തോഷവും അവളുടെ ചുമതലയാവും.. അവളുടെ മാത്രം ഉത്തരവാദിത്തങ്ങളായി മാറുന്ന ചില കാര്യങ്ങളുമുണ്ട്. പാചകം, വൃത്തിയാക്കൾ, പരിപാലനം, ഇല്ലാത്ത ഉത്കണ്ഠയെല്ലാം എടുത്ത് തോളിൽ വയ്ക്കുകയും വേണം. ഇതാണ് സ്‌നേഹം, ഇതാണ് ത്യാഗം എന്നൊക്കെയാണ് വയ്പ്പ്. കുറേ ഡിമാന്റുകൾക്കുള്ളിൽ അവളുടെ ജീവിതം ചുരുങ്ങും. അവളുടെ ആത്മാവിന്റെ ശബ്ദം അവൾ തന്നെ കേൾക്കാതെയാവും.

ഭർത്താവിനെയും കുടുംബത്തിനെയും സപ്പോർട്ട് ചെയ്ത് ആഗ്രഹങ്ങളെല്ലാം രഹസ്യങ്ങളായി മാത്രം മാറ്റി ജീവിക്കേണ്ട സാഹചര്യം വിവാഹത്തിലൂടെ ഉണ്ടാകുന്നുണ്ട്. ഇനി സ്വന്തം കാര്യം നോക്കാൻ ശ്രമിച്ചാൽ അത് സ്വാർത്ഥതയാകും. വീട്ടിനുള്ളിലെ ഉത്തരവാദിത്തങ്ങളിൽ കുടുങ്ങി അവളുടെ എല്ലാകാര്യങ്ങളും ത്യജിച്ച് ജീവിക്കേണ്ടി വരും. എല്ലാം ഭയഭക്തിയോടെ ചെയ്ത് ചെയ്ത് സ്വന്തം വളർച്ച മുരടിക്കും. ഇനി വിവാഹത്തോടെ ഗാർഹിക പീഡനം അനുഭവിക്കേണ്ടി വന്നാലും എല്ലാം സഹിക്കേണ്ട ഒരു സാഹചര്യത്തിലേക്കാണ് അവർ തള്ളിയിടപ്പെടുന്നത്. അത് ഏത് തരത്തിലായാലും സഹിക്കാനും ക്ഷമിക്കാനും ശീലിക്കുന്നതാണ് നല്ലതെന്നായിരിക്കും കിട്ടുന്ന ഉപദേശം.. ഇതാണ് സ്‌നേഹമെന്നൊരു കൂട്ടിച്ചേർക്കലും അതിനൊപ്പം കാണും. എല്ലാ ജോലികളും ചെയ്ത് തീർത്താലും അതിലും കുറ്റവും പഴിയും. ഒപ്പം ഇതിനൊന്നും യാതൊരു വിലയുമില്ലാതെയുള്ള കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വരും.

നേരിടുന്ന അനീതിക്കെതിരെ ശബ്ദം ഉയർത്തിയാൽ പിന്നെ ഒറ്റപ്പെടുത്തലും അഹങ്കാരിയെന്ന ലേബലും നേടേണ്ടി വരും. ജീവിക്കുന്നിടം തടവറയായി തോന്നും. ഇതെല്ലാം സ്വയം ചുമക്കണമെന്നും നിശബ്ദമായി ഇതെല്ലാം സഹിക്കുന്നതാണ് ഉത്തമമെന്നുമാണ് വയ്പ്പ്. സാമ്പത്തികമായി എല്ലാവരെയും ആശ്രയിക്കേണ്ടി വരുന്നതും കൂട്ടിലിട്ട തത്തയെ പോലെ ജീവിക്കേണ്ടി വരുമെന്നതുമെല്ലാം സ്ത്രീകൾ വിവാഹത്തോട് നോ പറയാൻ കാരണമാണ്. എല്ലായിടത്തും നിയന്ത്രങ്ങൾ മാത്രം അനുഭവിക്കുന്ന ജീവിതമായി സമൂഹത്തെ ബോധ്യപ്പെടുത്താൻ ജീവിക്കേണ്ട അവസ്ഥ. സ്ത്രീയിൽ ആധിപത്യം സ്ഥാപിച്ച് പാരമ്പര്യത്തിന്റെ പേരും പറഞ്ഞ് അടച്ചമർത്തി ജീവിക്കാൻ വിടുക. കുടുംബത്തിന്റെ പേരും പെരുമയും സംരക്ഷിക്കാൻ എല്ലാം സഹിക്കുന്ന സ്ത്രീയെ പുകഴ്ത്താൻ ഒരു വിഭാഗമുണ്ട്. ഡിവോഴ്‌സോ വേർപിരിയലോ സംഭവിച്ചാൽ അതും സ്ത്രീയുടെ തലയിലായിരിക്കും. തനിക്ക് നേരെ ഉയർന്ന ശബ്ദത്തിന്റെയും അനുഭവിച്ച വേദനയെയും അവഗണിച്ച് സമാധാനത്തെ തെരഞ്ഞെടുത്തതാണ് അവളെന്ന് ആരും ചിന്തിക്കില്ല.


സംരക്ഷണം എന്ന പേരിൽ വേദന നൽകുന്നതിനാൽ, എല്ലാ ത്യജിച്ച് നിശബ്ദമായി ജീവിക്കേണ്ടി വരുന്നതിനാൽ, എല്ലാവരെയും അനുസരിക്കുന്നതിലുപരി സമത്വമാണ് വേണ്ടതെന്ന് വാദിക്കേണ്ടി വരുന്നതിനാൽ.. എല്ലാ സ്വപ്‌നങ്ങളെയും ജീവിതത്തെയും ഇല്ലാതാക്കുന്നതിനാൽ ഇന്ത്യൻ സ്ത്രീകൾ ഇപ്പോൾ ധൈര്യത്തോടെ വിവാഹത്തോട് നോ പറയുകയാണ്. അതേസമയം വിവാഹത്തിലൂടെ പരസ്പരം പിന്തുണ നൽകി സമത്വ ബോധത്തോടെ, സ്ത്രീക്കും പരിഗണന നൽകി മുന്നോട്ടു പോകുന്ന വിവാഹബന്ധങ്ങളെ ബഹുമാനിക്കാനും ഇന്ത്യൻ സ്ത്രീകൾക്കറിയാം..

Content Highlights: The reason why Indian women say no to marriages

dot image
To advertise here,contact us
dot image