
ഇന്ത്യക്കാരി ചമഞ്ഞ് രാജ്യം മുഴുവന്‍ ചുറ്റുകറങ്ങുകയായിരുന്നു 28കാരിയായ ബംഗ്ലാദേശി മോഡല്‍. പേര് ശാന്ത പട്ടേല്‍. കൈയില്‍ ആധാര്‍ കാര്‍ഡും എന്തിന് റേഷന്‍ കാര്‍ഡ് സഹിതമായിരുന്നു ഫുഡ് വ്‌ളോഗര്‍ കൂടിയായ ഇവരുടെ യാത്ര. പക്ഷേ കഴിഞ്ഞാഴ്ച കൈയില്‍ വിലങ്ങു വീണു. വ്യാജ രേഖകളുമായി ഇന്ത്യയിലെത്തിയ ഇവര്‍ ബംഗ്ലാദേശി എയര്‍ലൈന്‍ കമ്പനിയായ റീജന്റ് എയര്‍വേയ്‌സിലെ ക്രൂ മെമ്പറായിരുന്നു. മോഡലിംഗിലും ഭാഗ്യം പരീക്ഷിച്ചിട്ടുണ്ടെങ്കിലും അവിടെ തിളങ്ങാന്‍ ഇവര്‍ക്ക് കഴിഞ്ഞതുമില്ലെന്നാണ് വിവരം.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ കൃത്യമായ പാസ്‌പോര്‍ട്ട് രേഖകളുമായി ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് പ്രദേശത്ത് വാടകയ്ക്ക് താമസിക്കാനും ആരംഭിച്ചു. ഇവിടെ നിന്നും ബിക്രംഘറെന്ന സ്ഥലത്തേക്ക് മാറിതാമസിച്ച ഇവര്‍, അവിടെ നിന്നും പരിചയപ്പെട്ട ചിലരുടെ സഹായത്തോടെയാണ് വ്യാജ ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും വോട്ടേഴ്‌സ് ഐഡിയും സംഘടിപ്പിച്ചത്.
ഒരു വഞ്ചനാ കുറ്റവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇവരെ പിടികൂടിയത്. വഞ്ചനയ്‌ക്കൊപ്പം ക്രിമിനല്‍ ഗൂഡാലോചന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിലാണ് ഇവരുടെ പക്കല്‍ നിന്നും രണ്ട് ആധാര്‍ കാര്‍ഡുകള്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് എന്നിവ കണ്ടെത്തിയത്. കാര്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസ് നടത്തുന്ന ആളായിട്ടാണ് ഇവരുടെ ഐഡി കാര്‍ഡില്‍ കാണിക്കുന്നത്. രണ്ട് ആധാര്‍ കാര്‍ഡില്‍ ഒന്ന് ഈസ്റ്റ് ബുര്‍ദ്വാന്‍ ജില്ലയിലെ മേല്‍വിലാസവും രണ്ടാമത്തേതില്‍ മറ്റൊരു ജില്ലയിലെ അഡ്രസുമാണ് കാണിക്കുന്നത്.
ഇന്ത്യക്കാരിയാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും മറ്റുമാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നതെന്നും പൊലീസ് മനസിലാക്കിയിട്ടുണ്ട്. ശാന്ത പട്ടേലിന് ബംഗ്ലാദേശില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ പരിമിതികള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ രേഖകള്‍ ഉപയോഗിച്ച് പല രാജ്യങ്ങളിലും യാത്ര നടത്താനാണ് ഇവര്‍ തീരുമാനിച്ചത്. കൊല്‍ക്കത്തയില്‍ ഇവർ താമസിക്കുന്ന സ്ഥലത്തെ മേല്‍വിലാസം ഉപയോഗിച്ചാണ് ഇവര്‍ റേഷന്‍ കാര്‍ഡ് സ്വന്തമാക്കിയത്.
Content Highlights: Bangladeshi Model posing as Indian caught