
കോടതിയില്‍ ശാസ്ത്രീയ വാദം നടത്തി ജഡ്ജിയെപ്പോലും ഞെട്ടിച്ച വിരമിച്ച കെമിസ്ട്രി പ്രൊഫസര്‍ മംമ്ത പഥകിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഭര്‍ത്താവിനെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സെഷന്‍സ് കോടതി ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോയ മംമ്തയുടെ ശാസ്ത്രീയ വശങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള വാദം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൊലപാതക്കുറ്റം ചുമത്തപ്പെട്ടപ്പോഴും ഇടറാതെ ആത്മസംയമനം പാലിച്ചുകൊണ്ടുള്ള വാദവും സമ്മര്‍ദത്തിന് അടിപ്പെടാതെ വിശദമായി കാര്യങ്ങള്‍ ശാസ്ത്രീയ അടിത്തറയോടെ വാദിച്ചതും സോഷ്യല്‍ മീഡിയയില്‍ ഇവരെ സെന്‍സേഷനാക്കി മാറ്റിയിരുന്നു.
എന്തായിരുന്നു കേസ്?
2021-ലാണ് കേസിന് ആസ്പദമായ സംഭവം. മംമ്തയുടെ ഭര്‍ത്താവ് ഡോ.നീരജ് പഥകിനെ ദുരൂഹ സാഹചര്യത്തില്‍ മധ്യപ്രദേശ് ഛത്തര്‍പുരിലെ ലോകനാഥ്പുരം വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ ഫോറന്‍സിക് ഫലവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നീരജിന്റെ മരണത്തില്‍ സംശയം ജനിപ്പിച്ചു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ ദമ്പതികള്‍ തമ്മില്‍ ദീര്‍ഘകാലമായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവം നടന്ന ദിവസത്തെ ഇവരുടെ പെരുമാറ്റവും പൊലീസില്‍ സംശയം ജനിപ്പിച്ചു.
കൊലപാതകമാണ് ഇതെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നതും അങ്ങനെയാണ്. ഭര്‍ത്താവ് മരിച്ചത് അറിയിക്കാതെ ഇവര്‍ രാവിലെ മകനുമായി ഡയാലിസിസിന് പോയിരുന്നതായി പൊലീസ് കണ്ടെത്തി. ഡ്രൈവറോട് താനൊരു വലിയ തെറ്റ് ചെയ്തതായി ഇവര്‍ പറയുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ ഭര്‍ത്താവിനെ കണ്ടെത്തിയതെന്നുമായിരുന്നു മംമ്ത പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഭാര്യയില്‍ നിന്ന് താന്‍ പീഡനം നേരിടുന്നതായുള്ള നീരജിന്റെ ഓഡിയോ പൊലീസ് കണ്ടെത്തി.
നീരജിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് മംമ്ത കണ്ടെത്തിരുന്നു. ഭര്‍ത്താവ് തനിക്ക് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കിക്കിടത്തി മറ്റൊരുസ്ത്രീയെ കാണാന്‍ പോകുന്നതായി ചൂണ്ടിക്കാണിച്ച് ഇവര്‍ പൊലീസില്‍ നേരത്തേ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് പിന്‍വലിച്ചിരുന്നുവെന്നും കുറ്റപത്രത്തില്‍ പൊലീസ് വിശദീകരിക്കുന്നുണ്ട്. 63കാരനായ നീരജ് പഥകിനെ ഉറക്ക ഗുളികകള്‍ നല്‍കി വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം.
തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് കോടതി വിധിക്കുകയും ചെയ്തു. മാനസികവെല്ലുവിളിയുളള കുട്ടിയെ നോക്കുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കപ്പെട്ട ഇവര്‍ പുറത്തെത്തിയതോടെ അപ്പീലുമായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. തെളിവുകളോ, ദൃക്‌സാക്ഷിയോ ഇല്ലാത്ത കേസില്‍ സാഹചര്യത്തെൡവുകള്‍ മാത്രം മുന്‍നിര്‍ത്തിയാണ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചതെന്ന് ഇവര്‍ കോടതിയില്‍ വാദിച്ചു. കോടതിയില്‍ സ്വയം കേസുവാദിക്കാനായിരുന്നു മംമ്തയുടെ തീരുമാനം, ശാസ്ത്രീയ വസ്തുതകള്‍ മുന്‍നിര്‍ത്തി മംമ്ത നടത്തിയ വാദമാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
'നിങ്ങളുടെ ഭര്‍ത്താവിനെ വൈദ്യുതാഘാതമേറ്റ് കൊലപ്പെടുത്തിയെന്നാണ് നിങ്ങളുടെ മേലുള്ള കുറ്റം. മൃതദേഹത്തില്‍ വൈദ്യുതാഘാതമേറ്റതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നു,' എന്ന മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് വിവേക് അഗര്‍വാളിന്റെ ചോദ്യത്തെ ശാന്തമായും ആത്മവിശ്വാസത്തോടകൂടിയുമാണ് മംമ്ത അഭിമുഖീകരിക്കുന്നത്. ജഡ്ജി ചൂണ്ടിക്കാട്ടിയ വസ്തുത നിരസിച്ച പ്രൊഫസര്‍, പൊള്ളലേറ്റ പാടുകള്‍ നിര്‍ണയിക്കുക സാധ്യമല്ലെന്നാണ് മറുപടി നല്‍കുന്നത്. ഒപ്പം വൈദ്യുതിയും ടിഷ്യുവും എങ്ങനെയാണ് പ്രതിപ്രവര്‍ത്തിക്കുന്നത് എന്നും തെര്‍മല്‍ ബേണിങ് ആണോ, വൈദ്യുതാഘാതമാണോ എന്നറിയാന്‍ ആസിഡുകള്‍ ഉപയോഗിക്കുന്നത് എങ്ങനെയാണെന്നും കോടതിമുറിയില്‍ ചെറിയൊരുക്ലാസും നല്‍കി. ഒറ്റനോട്ടത്തില്‍ വൈദ്യുതാഘാതമാണെന്ന് നിര്‍ണയിക്കുന്ന രീതിയെ അവര്‍ തള്ളിക്കളയുന്നുണ്ട്.
അറുപത് വയസ്സുള്ള മംമ്തയുടെ വാദത്തില്‍ അത്ഭുതപ്പെട്ട ജഡ്ജി അവരോട് നിങ്ങള്‍ കെമിസ്ട്രി പ്രൊഫസറാണോ എന്ന് ഇടയ്ക്ക് ചോദിക്കുന്നതും അവര്‍ അതേ എന്നുപറയുന്നതും സോഷ്യല്‍മീഡിയയില്‍ വൈറലായ ആ ക്ലിപ്പില്‍ കാണാം. തന്റെ ആരോഗ്യപ്രശ്‌നങ്ങളും മകന്റെ അവസ്ഥയും എല്ലാം അവര്‍ കോടതിയെ ബോധിപ്പിച്ചു. ജസ്റ്റിസ് വിവേക് അഗര്‍വാളും ജസ്റ്റിസ് ദേവ്‌നാരായണ്‍ മിശ്രയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെയാണ് പഥക് തന്റെ കേസ് വാദിച്ചത്. ശിക്ഷ തല്‍ക്കാലത്തേക്ക് കോടതി മരവിപ്പിച്ചിരുന്നു. ആറുമാസത്തേക്ക് ജാമ്യവും അനുവദിച്ചു.
കേസ് ഗൗരവമായി എടുത്ത കോടതി മംമ്ത പഥക്കിന് നീതി ഉറപ്പാക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സുരേന്ദ്ര സിങ്ങിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.എന്നാല്‍ ദീര്‍ഘമായ വാദപ്രതിവാദത്തിനുശേഷം തെളിവുകളും സാഹചര്യങ്ങളും കുറ്റകൃത്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതായി കോടതി നിരീക്ഷിച്ചു.97 പേജുള്ള വിശദമായ വിധിന്യായത്തില്‍ സുപ്രീം കോടതിയുടെ പ്രസക്തമായ വിധിന്യായങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് കുറ്റകൃത്യം ഗുരുതരമാണെന്ന് വിധിച്ച ബെഞ്ച് മംമ്ത പഥക് കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ശിക്ഷ ശരിവയ്ക്കുകയുമായിരുന്ന
Content Highlights: Chemistry Professor Who Used Science To Explain Husband's Death Gets Life Term For Murder